ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ്: ആവേശമുയര്‍ത്തി ഫൈബര്‍ തോണി റേസ്

post

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ആവേശമുയര്‍ത്തി ജലസാഹസിക കായിക ഇനമായ ഫൈബര്‍ തോണി റേസ് മത്സരം. മത്സരം കാണാന്‍ നിരവധിയാളുകളാണ് ബേപ്പൂര്‍ മറീനയിലെത്തിയത്. ഫൈനലില്‍ അഞ്ച് ടീമുകള്‍ മാറ്റുരച്ചു. ഒഴുക്കില്ലാത്ത നിരപ്പായ ജലത്തില്‍ 250 മീറ്ററിലാണ് മത്സരം നടന്നത്.

അഗ്നി രക്ഷാസേന, കോസ്റ്റല്‍ പോലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിച്ചു. ആനന്ദ്- ധനുഷ് സഖ്യത്തിന് ഒന്നാം സ്ഥാനവും സതീഷ്-റിച്ചാര്‍ഡ് സഖ്യത്തിന് രണ്ടാം സ്ഥാനവും സതീഷ് കുമാര്‍-മാരുതി സഖ്യത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.


ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ശ്രദ്ധേയമായി ഇന്ത്യൻ ആർമിയുടെ പ്രദർശനം

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിൽ ശ്രദ്ധേയമായി ഇന്ത്യൻ ആർമിയുടെ പ്രദർശനം. യൂണിറ്റിലെത്തിയാൽ ആർമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും സാധിക്കും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് യൂണിറ്റ് സന്ദർശിച്ചു.

ഇവിടെയെത്തിയാൽ ജവാൻമാർ അവതരിപ്പിക്കുന്ന ആയുധ പ്രദർശനം, കളരിപ്പയറ്റ്, ചെണ്ടമേളം, ഫയർ ഡാൻസ് എന്നിവ കാണാം. മേജർ സുബേദാർ, സന്തോഷ്‌ വി.വി എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

ഇൻഫെൻട്രി ബറ്റാലിയൻ മദ്രാസ്, ഇന്ത്യൻ ആർമിയുടെ ഭാഗമായ മദ്രാസ് റെജിമെന്റിന്റെ കീഴിലുള്ള ഈ യൂണിറ്റ് വെസ്റ്റ്‌ഹിൽ ബാരക്സിലാണ് സ്ഥിതി ചെയ്യുന്നത്. കേണൽ ഡി നവീൻ ബൻജിറ്റാണ് ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസർ. മലബാർ ടെറിയേഴ്‌സ് എന്ന പേരിലും ഈ യൂണിറ്റ് അറിയപ്പെടുന്നു.