ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം
 
                                                കോഴിക്കോട്: ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ഉണര്‍വ് 2022 ന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ പൗരന്മാർക്കുമൊപ്പം ഭരണഘടന അനുശാസക്കുന്ന സമത്വം, സ്വാതന്ത്ര്യം, തുല്യ അവസരം, നീതി എന്നിവ ഉറപ്പുവരുത്തുന്നതിന് അംഗപരിമിതർക്കായി ഒട്ടനവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. ഭിന്നശേഷിയുള്ളവരെ ചേർത്ത് നിർത്താൻ നമുക്ക് സാധിക്കണം. കുടുംബവും സമൂഹവും ഇത്തരം ആളുകളെ ചേർത്ത് നിർത്തുമ്പോൾ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
എഡിഎം സി.മുഹമ്മദ് റഫീഖ് പതാക ഉയര്‍ത്തിയതോടെയാണ് പരിപാടി ആരംഭിച്ചത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷത വഹിച്ചു. ഭിന്നശേഷി ക്ഷേമ മേഖലയില്‍ മികച്ച സേവനം ചെയ്ത നാഷണല്‍ സര്‍വീസ് സ്‌കീമിനുള്ള സഹചാരി അവാര്‍ഡും പഠനത്തില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിജയമൃതം പുരസ്‌ക്കാരവും ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു.










