മുഖംമാറാൻ കാരശ്ശേരി സീനിയര്‍ സിറ്റിസണ്‍ റിക്രിയേഷന്‍ സെന്റര്‍

കുറ്റിപ്പറമ്പ് സീനിയര്‍ സിറ്റിസണ്‍ റിക്രിയേഷന്‍ സെന്ററിനെ പുതുപുത്തനാക്കാൻ കാരശ്ശേരി ഗ്രാമപഞ്ചായത്ത്. വയോധികര്‍ക്കായി വാര്‍ഡ് 18ലെ കുറ്റിപ്പറമ്പില്‍ നിര്‍മ്മിച്ച സീനിയര്‍ സിറ്റിസണ്‍ റിക്രിയേഷന്‍ സെന്റര്‍ കെട്ടിടം പഞ്ചായത്ത് നവീകരിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായ കെട്ടിടം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് നവീകരണം നടത്തുകയായിരുന്നു. ആദ്യഘട്ട നവീകരണത്തിൽ മുറ്റം ടൈല്‍ വിരിക്കല്‍, ഷീറ്റ് വിരിക്കൽ, അറ്റകുറ്റപ്പണികൾ തുടങ്ങി കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. മെച്ചപ്പെട്ട നിലവാരത്തില്‍ പൂര്‍ണ്ണമായും വയോജന സൗഹൃദ രീതിയിലാണ് കെട്ടിടം സജ്ജീകരിച്ചിട്ടുള്ളത്.
വാര്‍ദ്ധക്യ പ്രശ്‌നങ്ങളില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും മുതിര്‍ന്ന പൗരന്മാരെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സെന്ററിന്റെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത പറയുന്നു. വാര്‍ദ്ധക്യം ഒരു ജീവിതാവസ്ഥയാണ്, അത് ഉള്‍ക്കൊള്ളുന്ന പൊതുസമൂഹമാണ് വേണ്ടതെന്നും വയോജന സൗഹൃദമെന്ന ആശയമാണ് പഞ്ചായത്തിന്റെ നിലപാടെന്നും പ്രസിഡന്റ് പറഞ്ഞു. നവീകരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ(ഒക്ടോബര്‍ 9) പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിക്കും.
വയോധികര്‍ക്ക് ഒന്നിച്ചിരിക്കാനും വായിക്കാനും ടെലിവിഷന്‍ പരിപാടികള്‍ ആസ്വദിക്കാനും ഇവിടെ സൗകര്യമൊരുക്കും. കൂടാതെ ഇരിപ്പിടങ്ങള്‍, വ്യായാമ ഉപകരണങ്ങള്‍ എന്നിവയും സജ്ജമാക്കും. ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുകയും മാസത്തിലൊരിക്കല്‍ വയോജനങ്ങള്‍ക്ക് ആസ്വാദകരമാവുന്ന രീതിയില്‍ കള്‍ച്ചറല്‍ പരിപാടികൾ നടത്തുകയും ചെയ്യും. ഈ കെട്ടിടത്തോട് ചേർന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒരു വയോജന പാർക്കും ഒരുക്കുന്നുണ്ട്.