മെഴുതിരി വെട്ടത്തെ രൂപങ്ങളാക്കുന്ന മെഴുകുതിരി സ്റ്റാന്റുകൾ

മെഴുതിരി വെട്ടത്തെ രൂപങ്ങളാക്കുന്ന മാർബിൾ കരവിരുതുമായി മലബാർ ക്രാഫ്റ്റ് മേളയിലെ മെഴുകുതിരി സ്റ്റാന്റുകൾ. ഒറ്റ മാർബിൾ കല്ലിൽ കൊത്തുപണി ചെയ്ത് മനോഹരമാക്കിയ അനേകം മെഴുകുതിരി സ്റ്റാന്റുകളുമായാണ് ആഗ്ര സ്വദേശി ആവിദ് മേളയെ സമ്പുഷ്ടമാക്കുന്നത്.
ഇളം മഞ്ഞ, തവിട്ട്, നീല, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള മാർബിൾ കല്ലുകളിൽ കൈകൊണ്ടു ചെയ്ത മനോഹരമായ കൊത്തുപണികളാണ് ഒരുക്കിയിട്ടുള്ളത്. രാജകീയ അകത്തളങ്ങളിൽ ഉപയോഗിച്ചു വന്നിരുന്ന ഇവയ്ക്ക് മേളയിലും ആവശ്യക്കാർ ഏറെയാണ്. ഈ സ്റ്റാന്റുകളിൽ വിവിധ വലിപ്പങ്ങളിലുള്ള മെഴുകുതിരികൾ കുത്തി വെക്കാനാവും. ഇവയെ കൊത്തുപണി ചെയ്ത മാർബിൾ സ്റ്റാന്റ് കൊണ്ട് മൂടിയാണ് പ്രവർത്തനം. കത്തുന്ന മെഴുതിരി വെളിച്ചം മാർബിളിലെ കൊത്തുപണി രൂപങ്ങളായി പുറത്തേക്ക് വരും.
മാർബിളിൽ തീർത്ത ആഭരണങ്ങൾ, ആഭരണ പെട്ടികൾ, വിവിധ രൂപങ്ങൾ എന്നിവയും ആവിദിന്റെ സ്റ്റാളിലുണ്ട്. 100 രൂപ മുതൽ 6000 രൂപ വരെയുള്ള മാർബിൾ ഉത്പന്നങ്ങളാണ് ഇവിടെയുള്ളത്. സ്വപ്ന നഗരിയിൽ നടക്കുന്ന വ്യവസായ- വാണിജ്യ വകുപ്പിന്റെ ക്രാഫ്റ്റ് മേള ഒക്ടോബർ 16 നാണ് സമാപിക്കുക.