ജലഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക പദ്ധതിയുമായി ഹരിതകേരളം മിഷന്‍

post

കോഴിക്കോട് : സംസ്ഥാനത്ത് ജലഗുണനിലവാര പരിശോധനയ്ക്ക് സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷന്‍. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനാ ലാബുകള്‍ സജ്ജമാക്കും. വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ചാണ് ജലഗുണ നിലവാര ലാബുകള്‍ സ്ഥാപിക്കുക. സ്‌കൂളിലെ ശാസ്ത്രാധ്യാപകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കല്‍, പരിശോധനാ കിറ്റ് വാങ്ങല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അധികമായി ചെയ്യേണ്ടി വരിക. ഇതിനായി എം.എല്‍.എ.മാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. കിണറുകളും കുളങ്ങളും ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളിലെ ഗുണനിലവാരം പരിശോധിക്കുകയാണ് ലക്ഷ്യം.

വേനല്‍ കടുക്കുന്നതോടെ ശുദ്ധജല ലഭ്യതകുറയുകയും ജല മലിനീകരണം കൂടുകയും അതുവഴി പകര്‍ച്ചവ്യാധി സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജലഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യങ്ങള്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടത്. കേരളത്തിലെ 60 ലക്ഷത്തിലധികം വരുന്ന കിണറുകളിലെ ജലം പരിശോധിച്ച് കുടി വെള്ളയോഗ്യമാണോ എന്ന് നിശ്ചയിക്കുന്നതിനുള്ള പദ്ധതിയാണ് ഹരിതകേരളം മിഷന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.