ബീച്ച് ആശുപത്രി ആധുനികവും ജനസൗഹാര്‍ദ്ദപരവും - മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

post

കോഴിക്കോട് : അടിസ്ഥാന സൗകര്യങ്ങളുടെ മികവു കൊണ്ട് കോഴിക്കോട് ബീച്ച് ആശുപത്രി ആധുനികവും ജനസൗഹാര്‍ദ്ദപരവുമാണെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ നല്ല വൃത്തിയും വെടിപ്പുമുണ്ടായിരിക്കുക, ആധുനിക സൗകര്യങ്ങള്‍ ഉണ്ടാവുക, രോഗികള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ കാര്യങ്ങള്‍ ഉള്‍ച്ചേര്‍ക്കുക എന്നതാണ് ആരോഗ്യമേഖലയിലെ  മുദ്രാവാക്യമെന്ന് മന്ത്രി പറഞ്ഞു. ബീച്ച് ആശുപത്രിയില്‍ സി.ടി സ്‌കാനറിന്റേയും 500 കെ.വി.എ സബ്‌സ്റ്റേഷന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് 164.17 കോടി രൂപയുടെ പ്രവര്‍ത്തനമാണ് നടപ്പാക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ അനുമതി ലഭിക്കുകയും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. അത് കിഫ്ബിയില്‍ സമര്‍പ്പിച്ച്  അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്, ട്രാന്‍സ്‌ജെന്‍ഡര്‍ ഒ.പി, ഡി അഡിക്ഷന്‍ സെന്റര്‍ എന്നിവ ബീച്ച് ആശുപത്രിയുടെ നേട്ടങ്ങളാണെന്ന് അധ്യക്ഷത വഹിച്ച എ. പ്രദീപ് കുമാര്‍ എം.എല്‍.എ പറഞ്ഞു. പുതിയ സി.ടി സ്‌കാനര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമാവുകയും മെഡിക്കല്‍ കോളജിലെ തിരക്ക് നിയന്ത്രണാധീനമാവുകയും ചെയ്യും. ആശുപത്രിയില്‍ പുതുതായി തുടങ്ങാനിരിക്കുന്ന കാര്‍ഡിയോളജി വിഭാഗത്തിന്റേയും കാത്ത് ലാബിന്റെയും നിര്‍മാണം പുരോഗതിയിലാണെന്ന് എം.എല്‍.എ അറിയിച്ചു.
മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 2019 ലെ കായകല്‍പ്പ് പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച ബീച്ച് ആശുപത്രിയിലെ ഉദ്യോഗസ്ഥരെ മന്ത്രി  ആദരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.നവീന്‍, ടി. ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി സ്വാഗതവും ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ.വി ഉമ്മര്‍ ഫാറൂഖ് നന്ദി പറയുകയും ചെയ്തു