ഒന്നിലധികം ബിരുദവും ബിരുദാനന്തരബിരുദവും: വിദ്യാര്‍ത്ഥികളുടെ അവകാശം ലംഘിക്കാന്‍ പാടില്ലെന്ന് യുവജന കമ്മീഷന്‍

post

കോഴിക്കോട്: ഒന്നില്‍ കൂടുതല്‍ തവണ ബിരുദവും ബിരുദാനന്തരവും ചെയ്യാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം ലംഘിക്കാന്‍ പാടില്ലെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം .താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യുവജന  കമ്മീഷന്‍ ജില്ലാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഒന്നില്‍ കൂടുതല്‍ തവണ ബിരുദവും ബിരുദാനന്തരവും ചെയ്യാന്‍ കഴിയില്ലെന്ന കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല  നിയമത്തിനെതിരെ ആരതി അനീഷ് എന്ന വിദ്യാര്‍ഥിനി  കമ്മീഷനു നല്‍കിയ പരാതി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.  സര്‍വകലാശാല റജിസ്ട്രാറില്‍ നിന്നും  കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ബിരുദവും ബിരുദാനന്തരബിരുദവും  ഒരു വിദ്യാര്‍ഥിക്ക് ആവര്‍ത്തിച്ച് ചെയ്യാന്‍ കഴിയില്ലെന്ന സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍  നിബന്ധന വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതായി യുവജന കമ്മീഷന്‍ വിലയിരുത്തി. കേരളത്തില്‍ മറ്റ് സര്‍വകലാശാലകളില്‍ ഇത്തരം നിയമമുണ്ടോ എന്ന കാര്യവും എത് സാഹചര്യത്തില്‍ അക്കാദമിക് കൗണ്‍സില്‍ ഇത്തരം തീരുമാനമെടുത്തു എന്നതും വിശദമായി പരിശോധിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ റാംഗിംഗ് സംബന്ധിച്ച് മുഹമ്മദ് നിസാന്‍ നല്‍കിയ പരാതി,  സിവില്‍ സപ്ലൈസ് വകുപ്പിലെ ഒഴിവുകള്‍ സംബന്ധിച്ച പരാതി ,എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടും ജോലി ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതി ,ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് ഗവ.ലോ കോളജ് അധ്യാപകനെതിരെ വിദ്യാര്‍ഥി നല്‍കിയ പരാതി, എ വി അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നിര്‍ബന്ധിത ടി.സി നല്‍കിയെന്ന പരാതി തുടങ്ങി 30 കേസുകളാണ് യുവജന കമ്മീഷന്‍ മുമ്പാകെയെത്തിയത്.

ലഹരിയുമായി ബന്ധപ്പെട്ട് വിമുക്തിമിഷനുമായി ചേര്‍ന്ന് ലഹരി വിമുക്ത ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കാനും ജാഗ്രത പുലര്‍ത്താനും എക്‌സൈസ് കമ്മീഷണര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി .