തരംഗമായി 'പുതുലഹരിക്ക് ഒരു വോട്ട്': യാത്രകളെ ലഹരിയാക്കി ഉദ്യോഗസ്ഥർ

post

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത്‌ ഭാരത്‌ അഭിയാന്റെയും ക്യാമ്പസ്‌ ഓഫ്‌ കോഴിക്കോട്‌ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ തുടക്കമിട്ട ‘പുതുലഹരിക്ക്‌ ഒരു വോട്ട്‌’ തരംഗമാകുന്നു. സിവിൽ സ്റ്റേഷനിൽ നടത്തിയ വോട്ടെടുപ്പിൽ ഉയർന്ന ഭൂരിപക്ഷത്തിൽ ‘യാത്ര’ ഒന്നാം സ്ഥാനത്തെത്തി. സബ്‌ കലക്ടർ വി. ചെൽസാസിനി ആദ്യ വോട്ട് രേഖപ്പെടുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.


ജില്ലയിലെ സമഗ്ര ബോധവത്കരണ - പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവിഷ്കരിച്ച ‘പുതുലഹരിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ജില്ലാ വികസന കമ്മീഷ്ണർ അനുപം മിശ്ര, ഡെപ്യൂട്ടി കലക്ടർ കെ. അനിത കുമാരി, വിവിധ വകുപ്പ്‌ മേധാവികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധിപ്പേർ വോട്ടെടുപ്പിന്റെ ഭാഗമായി.


പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ബാലറ്റ് ഓൺ വീൽസ് ദീപശിഖാ വാഹനം ഇന്ന് (ജൂൺ 29) ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി, മൂടാടി, തിക്കോടി, പയ്യോളി എന്നിവിടങ്ങളിൽ പ്രയാണം നടത്തും. പഞ്ചായത്ത്, മുൻസിപ്പാലിറ്റി സമിതികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ലഹരി അവബോധ സെഷനുകളും വോട്ടെടുപ്പും ഡോക്യുമെന്ററി പ്രദർശനവും സന്ദേശരേഖാ വിതരണവും നടത്തും.