വൈക്കം മുഹമ്മദ് ബഷീര്‍ ഗ്രന്ഥശാല മന്ത്രി കെ.ടി ജലീല്‍ നാടിന് സമര്‍പ്പിച്ചു

post

കോഴിക്കോട് : ആളുകളുടെ സംസ്‌കാരത്തിലും പെരുമാറ്റത്തിലും വലിയ മാറ്റമുണ്ടാക്കാന്‍ നാട്ടിന്‍പുറത്തെ ഗ്രന്ഥശാലകള്‍ക്ക് സാധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ഈന്താട് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥാലയ കെട്ടിടം ഉദ്ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി. വായനശാലകളും ഗ്രന്ഥാലയങ്ങളും കേരളത്തെ കേരളമാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ കാലത്ത് വായനയുടെ വ്യാപ്തി കുറയുകയാണ്. വിദ്യാര്‍ത്ഥികളിലെ വായനരീതി ക്യാപ്‌സ്യൂള്‍ രൂപത്തിലേക്ക് മാറി. കുട്ടികളെ വായിക്കാന്‍ പ്രോത്സാഹിപ്പിക്കണം. പദസമ്പത്ത് ഉണ്ടാവണമെങ്കില്‍ പരന്ന വായന ആവശ്യമാണ്. മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്ന് നല്‍കുമ്പോഴാണ് അറിവിന് മൂല്യമുണ്ടാവുന്നത്. കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളുടെ വായനക്കുറിപ്പ് വര്‍ഷത്തിലൊരിക്കല്‍ ഗ്രന്ഥശാലകള്‍  മാഗസിനായി പുറത്തിറക്കണം. ഇത് മുഴുവന്‍ കുട്ടികള്‍ക്കും പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എലത്തൂര്‍ നിയോജക മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ഉപയോഗിച്ചാണ് ഗ്രന്ഥശാലക്കുള്ള ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇ.എം.എസ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഭരണഘടന ആമുഖം അനാഛാദനം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന നിര്‍വ്വഹിച്ചു. ഗാന്ധിജിയുടെ ഛായാചിത്രം കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല അനാഛാദനം ചെയ്തു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അംഗം മുക്കം മുഹമ്മദ്, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.എം രതീഷ്, ബിലിഷ രമേശ്, തുടങ്ങിയവര്‍ പങ്കെടുത്തു.