ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ്: കുന്ദമംഗലം മണ്ഡലത്തിൽ പ്രത്യേക ക്യാമ്പ് നടത്തും

post

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കുന്ദമംഗലം മണ്ഡലത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഭിന്നശേഷി വിഭാഗത്തിനുള്ള സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ എം.എൽ.എ പി.ടി.എ റഹീം വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഭിന്നശേഷി വിഭാഗത്തിൽപെട്ടവർ തങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് യുണീക് ഡിസബിലിറ്റി ഐ.ഡി (യു.ഡി.ഐ.ഡി) കാർഡോ, ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ കിട്ടാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽപെട്ടതിനാലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതിന് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തത്.  വിവിധ  വകുപ്പുകളുടെ ഏകോപനവും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും മറ്റ് ഭൗതിക സാഹചര്യങ്ങളും മെഡിക്കൽ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ആവശ്യമാണ്. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരുന്നത്. എം.എൽ.എ പി.ടി.എ റഹീം യോഗം ഉദ്ഘാടനം ചെയ്തു.