കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ഈടുകള്‍ ഹാജരാക്കേണ്ടതില്ല

post

കോഴിക്കോട് : ജില്ലയില്‍ 1.6 ലക്ഷം രൂപ വരെയുള്ള കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ഈടുകള്‍ ഹാജരാക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം  തീരുമാനിച്ചു.കെ.സി.സി കാര്‍ഡുകള്‍ പരമാവധി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ഫെബ്രുവരി 24 നകം ക്യാമ്പയിന്‍ രീതിയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണം.മുഴുവന്‍ കൃഷിക്കാരെയും കൃഷി അനുബന്ധ മേഖലകളായ ക്ഷീരവികസനം,മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയിലേര്‍പ്പെട്ട മുഴുവന്‍ പേരെയും കെ.സി.സി പരിധിയില്‍ കൊണ്ടുവരും. കൃഷിയ്ക്കും, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, വിളകളുടെ സ്വഭാവം ഇവയുടെ അടിസ്ഥാനത്തിലാണ് കെ.സി.സി ലഭിക്കുന്നത്.

ഇതിനായി സ്ഥലത്തിന്റെ നികുതി രശീതും കൈവശാവകാശ രേഖയുമാണ് കര്‍ഷകര്‍ ബാങ്കില്‍ ഹാജരാക്കേണ്ടത്. കെ.സി.സി ലഭിക്കുന്നതിന് കുറഞ്ഞ ഭൂപരിധി നിശ്ചയിച്ചിട്ടില്ല. വിള പരിപാലനം, അനുബന്ധ പ്രവര്‍ത്തനങ്ങളായ പശു വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, മുയല്‍ പന്നി വളര്‍ത്തല്‍ എന്നിവയ്ക്കാവശ്യമായ പരിപാലന ചെലവുകള്‍ക്ക് വായ്പത്തോത് പ്രകാരം അര്‍ഹമായ തുക കെ.സി.സി യില്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ലഭിക്കും.