പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

post

കോഴിക്കോട്: ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  വാക്‌സിന്‍, മാര്‍ക്കറുകള്‍, ബൂത്ത് - തെരുവ് ബാനറുകള്‍, പോസ്റ്ററുകള്‍, വിവിധ ഫോമുകള്‍, ബോധവല്‍ക്കരണ സന്ദേശങ്ങള്‍ തുടങ്ങിവയുടെ വിതരണം പൂര്‍ത്തിയായി. 5 വയസ്സ് വരെയുള്ള 2,29,975  കുട്ടികള്‍ക്കാണ് ഞായറാഴ്ച (ഫെബ്രുവരി 27) പോളിയോ പ്രതിരോധ തുള്ളി മരുന്ന് നല്‍കുന്നത്.  ജില്ലയിലുടനീളം 2208 ബൂത്തുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ളത്. 125 കുട്ടികള്‍ക്ക് ഒരു ബൂത്ത് എന്ന രീതിയിലാണ് ക്രമീകരണം. ബൂത്തുകള്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കും. ഓരോ ബൂത്തിലും 2 വാക്‌സിനേറ്റര്‍മാര്‍ ഉണ്ടായിരിക്കും. യാത്രക്കാരുടെയും മറ്റും സൗകര്യാര്‍ത്ഥം റെയില്‍വേ സ്റ്റേഷനുകള്‍ ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 51 ട്രാന്‍സിറ്റ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മുതല്‍ വൈകുന്നേരം 8 വരെ ഈ ബൂത്തുകളില്‍ നിന്ന് തുള്ളി മരുന്ന് ലഭിക്കുന്നതാണ്. ഇതര സംസ്ഥാന തൊഴിലാളികളെയും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളെയും ലക്ഷ്യം വെച്ച് 64 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും.

ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തിയ്യതികളില്‍ വളണ്ടിയര്‍മാര്‍ വീടുകകളിലെത്തി അഞ്ച് വയസ്സില്‍ താഴെയുള്ള ഏതെങ്കിലും കുഞ്ഞിന് തുള്ളി മരുന്ന് നല്‍കാന്‍ വിട്ടു പോയിട്ടുണ്ടോ എന്ന് പരിശോധിക്കും. ജില്ലയിലെ 809356  വീടുകളില്‍ ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും. 3986 ടീമുകളായി 7988 ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരെയും 335 സൂപ്പര്‍വൈസര്‍ മാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാനെത്തുന്നവര്‍ കോവിഡ് 19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയെല്ലാം ഞായറാഴ്ച പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുന്നതാണ്. കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകരും വോളണ്ടിയര്‍മാരുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിക്കുന്നത്.

ബൂത്തുകളില്‍ കുട്ടികളുമായി എത്തുമ്പോള്‍ കൈകള്‍ അണുവിമുക്ത മാക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.