മഴ; താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം

post

ആലപ്പുഴ: കനത്ത മഴയും കിഴക്കന്‍ മേഖലയില്‍ നിന്നുള്ള നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു. 

കളക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അച്ചന്‍കോവില്‍, പമ്പ നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കുട്ടനാട്, ചെങ്ങന്നൂര്‍, ഹരിപ്പാട് മേഖലകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. പകര്‍ച്ചവ്യാധി സാധ്യതയുള്ളതിനാല്‍ സുരക്ഷിത സ്ഥാനങ്ങളില്‍ താമസിക്കാന്‍ സാധിക്കുന്നവരെ നിര്‍ബന്ധപൂര്‍വം ക്യാമ്പുകളിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കും.

വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിന് കൂടുതല്‍ ഗ്രൂവല്‍ സെന്റുകള്‍ ആരംഭിക്കണം.

എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി മുന്‍കരുതല്‍ സംവിധാനം ഉറപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുക്കും. കുട്ടനാട്ടിലെ സ്ഥിതി  വിലയിരുത്തുന്നതിനായി ഇന്ന് (നവംബര്‍ 16) രാവിലെ ജില്ലാ കളക്ടറുടെ അധ്യക്ഷതില്‍ പ്രത്യേക യോഗം നടക്കും. 

ക്യാമ്പ് അടിസ്ഥാനത്തില്‍ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ദുരിതാശ്വാസ സംവിധാനങ്ങള്‍ ശക്തമാക്കമെന്നും മന്ത്രി നിര്‍ദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, ശുദ്ധജലം, ശുചിത്വം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കണം. രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ സംവിധാനം പ്രവര്‍ത്തിക്കണം. ഡി.എം.ഒ.യുടെ നേതൃത്വത്തില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം. 

നിലവില്‍ ജില്ലയില്‍ ഒരിടത്തും പാലത്തിനടിയില്‍ മാലിന്യങ്ങള്‍ കെട്ടി നിന്ന് നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യമില്ല. പുഴകളിലെയും പൊഴികളിലൂടെയുമുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന് ജലസേചന വകുപ്പ് നടപടി സ്വീകരിക്കണം.

ക്യാമ്പുകളിലെ മാലിന്യങ്ങള്‍ കൃത്യ സമയത്ത് നീക്കം ചെയ്യണം. ആവശ്യമുള്ള ക്യാമ്പുകളില്‍ ടാങ്കര്‍ ലോറികളില്‍ ശുദ്ധജലം എത്തിച്ച് നല്‍കണം. ജലനിരപ്പ് ഉയരുന്ന മേഖലകളില്‍ ആളുകള്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കുന്നതിന് കെ.എസ്.ഇ.ബി ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.