പുതിയ റേഷന്‍ കട അനുവദിക്കില്ല: ഭക്ഷ്യമന്ത്രി

post

തിരുവനന്തപുരം :പുതിയ റേഷന്‍ കട അനുവദിക്കില്ലെന്ന് ഭക്ഷ്യ, സിവില്‍ സപ്ലസ് മന്ത്രി ജി.ആര്‍. അനില്‍. ചിലര്‍ തെറ്റായ പ്രചരണം ഇക്കാര്യത്തില്‍ നടത്തുന്നുണ്ട്. എന്നാല്‍ അത്തരം നിലപാട് വകുപ്പ് സ്വീകരിച്ചിട്ടില്ല. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മറ്റ് കടകളിലേക്ക് അറ്റാച്ച് ചെയ്ത് കൊടുത്തിരിക്കുന്നതടക്കം 2000 ഓളം റേഷന്‍ കടകള്‍ പലതരത്തിലുള്ള നടപടികള്‍ നേരിട്ടുകയാണ്. ആ പരാതികള്‍ പരിശോധിച്ച് സമയബന്ധിതമായി തീരുമാനം കൈക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 599 കടകള്‍ ലൈസന്‍സ് കാന്‍സല്‍ ചെയ്തവയാണ്. ഈ കടകള്‍ റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പുതിയ ലൈസന്‍സികള്‍ കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനെയാണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടിയില്‍ പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് പൊതു ജനങ്ങളില്‍ നിന്നും ലഭിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം .

അനര്‍ഹര്‍ക്ക് മുന്‍ഗണാനാ കാര്‍ഡ് നല്‍കുന്ന നടപടികളൊന്നും റേഷനിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ഗണനാകാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിട്ടുള്ളവര്‍ക്ക് അത് തിരിച്ചേല്‍പ്പിക്കാന്‍ ഒക്ടോബര്‍ 15വരെ സമയം അനുവദിച്ചിട്ടുണ്ട്. അത് കഴിഞ്ഞാല്‍ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ അംഗങ്ങളായുള്ള റേഷന്‍ കാര്‍ഡ് മുന്‍ഗണനാകാര്‍ഡാക്കി മാറ്റുന്നത് സംബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഏത് മാനദണ്ഡപ്രകാരം റേഷന്‍ ലഭ്യമാക്കാം എന്ന നിര്‍ദ്ദേശം സാമൂഹ്യക്ഷേമവകുപ്പില്‍ നിന്നും ലഭ്യമായാലുടന്‍ അതിനാവശ്യമായ നടപടി സ്വീകരിക്കും. വാടകക്ക് താമസിക്കുന്നവര്‍ക്ക് ഇനിമുതല്‍ വീട്ടുടമസ്ഥന്റെ സമ്മതപത്രം ആവശ്യമില്ലെന്നും സത്യവാങ്മൂലം നല്‍കിയാല്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് നടന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍ ലഭിച്ച് 26 പരാതികളില്‍ 16 പരാതികള്‍ മുന്‍ഗണനാ കാര്‍ഡ് ലഭിക്കുന്നത് സംബന്ധിച്ചായിരുന്നു. അര്‍ഹരായ ആറുപേര്‍ക്ക് കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു. അനധികൃതമായി റേഷന്‍കാര്‍ഡ് കൈവശം വയ്ക്കുന്നവരെ സംബന്ധിച്ച് പരാതി നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വച്ച് നടപടികള്‍ സ്വീകരിക്കുന്ന രീതി വളരെയധികം ഫലപ്രദമായതായും അദ്ദേഹം പറഞ്ഞു.