കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ല
 
                                                വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തില്ല
കോഴിക്കോട്: ജില്ലയില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്നും സ്വകാര്യത മാനിച്ച് വ്യക്തി വിവരങ്ങള്‍ ബന്ധപ്പെട്ട ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കല്ലാതെ മറ്റാര്‍ക്കും കൈമാറില്ലെന്നും ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നാണ് കണക്കുകള്‍ പ്രകാരം മനസ്സിലാക്കുന്നത്. എഴുപതോളം പേര്‍ മാത്രമാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വ്യക്തി വിവരങ്ങള്‍ പോലിസിനോ മറ്റോ കൈമാറുമെന്ന് ഭയക്കേണ്ടതില്ല. പരിശോധനയ്ക്കായി യാതൊരു ആശങ്കയുമില്ലാതെ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് വരുന്ന എല്ലാവരെയും വിശദമായി പരിശോധിക്കേണ്ട സാഹചര്യം നിലവിലില്ല. ലക്ഷണമുള്ളവരെ മാത്രമാണ് ലാബ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
സംശയമുള്ളവര്‍ നേരിട്ടെത്തേണ്ട; പരിശോധനയ്ക്ക് സൗകര്യമൊരുക്കും 
രോഗ ലക്ഷണമുണ്ടെന്ന് സംശയിക്കുന്നവര്‍ ആരോഗ്യകേന്ദ്രങ്ങളിലേക്ക് നേരിട്ടെത്തേണ്ടതില്ല. വിവരം ആശുപത്രികളെയോ ഉദ്യോഗസ്ഥരെയോ അറിയിച്ചാല്‍ ആവശ്യമായ പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കും. ചൈനയിലെ വുഹാനില്‍ നിന്നും ജനുവരി 15 ന് ശേഷം ജില്ലയിലെത്തിയവര്‍ നിര്‍ബന്ധമായും വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ 04712552056, ജില്ലാ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ സെല്‍ 9946000493 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.










