തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള ഉള്‍പ്പെടുത്തി ദുരന്തനിവാരണ സേന രൂപീകരിക്കും

post

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ദുരന്തനിവാരണ സേന രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിപണന കേന്ദ്രവും ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനവും ഐ എസ് ഒ പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ രണ്ട് പ്രളയത്തിന്റെ അനുഭവങ്ങളില്‍ നിന്നാണ് ഇത്തരം തീരുമാനമുണ്ടായത്. തദ്ദേശസ്വയംഭരണ ജനപ്രതിനിധികളാണ് പ്രളയ ദുരന്തമേഖലകളില്‍ ആദ്യം എത്തിപ്പെട്ടതും ഫയര്‍ഫോഴ്‌സിനും പോാലീസിനും വിവരങ്ങള്‍ കൈമാറിയതും. അവരെ കൂടി ഉള്‍പ്പെടുത്തി ഒരു ദുരന്തനിവാരണ സേന രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുകയാണ്. ഇവര്‍ക്കാവശ്യമായ പരിശീലനം ഫയര്‍ഫോഴ്‌സിന്റേയും പോലീസ് സേനയുടെയും നേതൃത്വത്തില്‍ നല്‍കും. വിരമിച്ച ഉദ്യോസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.


ലോകത്തിലെ ഏറ്റവും വലിയ സ്വയം സഹായ ഗ്രൂപ്പാണ് കുടുംബശ്രീ. കുടുംബശ്രീ സംരംഭം രാജ്യത്തിന് മാതൃകയാണ്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണമാണ് കുടുംബശ്രീയിലൂടെ ലക്ഷ്യമിടുന്നത്. ഐ ടി, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ കുടുംബശ്രീ അംഗങ്ങള്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു. ആമസോണുമായി കുടുംബശ്രീ കരാറിലേര്‍പ്പെട്ട് ഓണ്‍ലൈന്‍ മേഖലയിലും എത്തിയിട്ടുണ്ട്.  പ്രളയകാലത്ത് പതിമൂന്നര കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവര്‍ നല്‍കി കഴിഞ്ഞു. നാളീകേര കൃഷി, ജൈവകൃഷി പ്രോത്സാഹനം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കാന്‍ ഒരുങ്ങുകയാണ് കുടുംബശ്രീ. 

ഐ എസ് ഒ  സേവനമികവ് എന്നത് ജനങ്ങളുടെ സംതൃപ്തമായ മറുപടിയാണ. പഞ്ചായത്ത് രേഖകളും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും വികസനത്തില്‍ എല്ലാവരും രാഷ്ട്രീയാതീതമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു 3,84,7000 രൂപ വിനിയോഗിച്ചാണ് കുടുംബശ്രീ വിപണനകേന്ദ്രം നിര്‍മ്മിച്ചത്. സംസ്ഥാന കുടുംബശ്രീ കലോത്സവത്തില്‍ സമ്മാനം നേടിയവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ മന്ത്രി നല്‍കി.