സമാധാനപരമായ വോട്ടിങ് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കും

post

* തെരഞ്ഞെടുപ്പ് പുരോഗതി വിലയിരുത്തി

കോഴിക്കോട് : ജില്ലയില്‍ സമാധാനപരമായ പോളിങ് ഉറപ്പുവരുത്തുന്നതിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന പൊതു നിരീക്ഷകരുടെ യോഗം നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിനായി നിയുക്തരായ ഏഴു പൊതു നിരീക്ഷകരുടേയും രണ്ട് പൊലീസ് നിരീക്ഷകരുടേയും മേല്‍നോട്ടത്തില്‍ ചേര്‍ന്ന യോഗം പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. 90 ശതമാനം പോളിങ് ഉറപ്പവരുത്തുന്നതിന് ആവശ്യമായ കാര്യക്ഷമമായ ഇടപെടലാണ് തെരഞ്ഞെടുപ്പ് വിഭാഗം നടത്തുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ  കലക്ടര്‍ സാംബശിവറാവു പറഞ്ഞു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. പ്രശ്‌നബാധിതമെന്ന്  നിഗമനത്തിലെത്തിയ പ്രദേശങ്ങളില്‍ പൊലീസിന്റെ ജാഗ്രതയുണ്ടാവണമെന്ന് നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്ര സേനയെ എത്തിക്കാന്‍  നടപടിയുണ്ടാകും. അതിര്‍ത്തി പ്രദേശങ്ങളില്‍ കാവല്‍ ശക്തമാക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സ്‌ക്വാഡുകളുടെ ശക്തമായ നിരീക്ഷണം ഉണ്ടാവും. പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും.

ജില്ലയില്‍ നൂറ് താല്കാലിക പോളിങ് സ്റ്റേഷനുകള്‍ ഒരുക്കും. 30 എണ്ണത്തിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായി. ശേഷിക്കുന്നവ മാര്‍ച്ച് 25നകം പൂര്‍ത്തിയാവുമെന്ന് കലക്ടര്‍ അറിയിച്ചു.  പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കും. വിവി പാറ്റ് ഉപയോഗം സംബന്ധിച്ച് പ്രത്യേക പരിശീലനം നല്‍കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ ഉടലെടുക്കുന്നത് തടയാന്‍ പൊലീസ് സൈബര്‍ വിഭാഗത്തിന്റെ  നേതൃത്വത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. അക്രമ സംഭവങ്ങള്‍ തടയാന്‍ രാഷ്ട്രീയകക്ഷികളുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാവണം. പൊതു ജനങ്ങള്‍ക്ക് 112 എന്ന ഫോണ്‍ നമ്പരില്‍ പരാതികള്‍ അറിയിക്കാവുന്നതാണ്. പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാന്‍ സ്‌ക്വാഡുകളുടെ നിരീക്ഷണം ശക്തിപ്പെടുത്തും. ജില്ലയില്‍ 2048 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും. പ്രായം ചെന്ന ആളുകള്‍ക്കും പ്രത്യേക പരിഗണന വേണ്ടവര്‍ക്കുമായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. കാഴ്ച പരിമിതി ഉള്ളവര്‍ക്ക് പ്രത്യേക ലെന്‍സ്, ബ്രെയ്‌ലി ബാലറ്റ് എന്നീ സൗകര്യങ്ങള്‍ ബൂത്തുകളില്‍ ഉണ്ടാകും. ശാരീരിക അവശത ഉള്ളവര്‍ക്കായി വീല്‍ചെയര്‍ ലഭ്യമാക്കും. ശാരീരിക അവശതയുള്ളവര്‍ വാഹന സൗകര്യം ആവശ്യപ്പെട്ടാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കും. കുടിവെള്ളം, മുലയൂട്ടല്‍ മുറി, ടോയ്‌ലറ്റ് സൗകര്യം എന്നിവ  ബൂത്തുകളില്‍ ഉറപ്പാക്കും. പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് സഹായത്തിനായി എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സേവനം  ഉണ്ടാവും. യോഗത്തില്‍ പൊതു നിരീക്ഷകരായ ഡോ സന്ദീപ് ഭട്‌നാഗര്‍, പത്മിനി സിംഗ്‌ള, ദേവേഷ് ദേവല്‍, അലക്‌സ് വിഎഫ് പോള്‍ മേനോന്‍, വി ലളിത ലക്ഷ്മി, അബ്ദുള്‍ സമദ്, കേശവ് കുമാര്‍ പഥക്, പൊലീസ് നിരീക്ഷകരായ കെ. ജയരാമന്‍, ആര്‍.പി സെങ്കോംഗര്‍, സിറ്റി പൊലീസ് കമ്മിഷ്ണര്‍ എ വി ജോര്‍ജ്ജ്, റൂറല്‍ എസ്പി ഡോ എ ശ്രീനിവാസ്, എഡിഎം എന്‍ പ്രേമചന്ദ്രന്‍, സബ് കലക്ടര്‍ ജി പ്രയങ്ക, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ്, അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ പങ്കെടുത്തു.