ബൈപ്പാസ് യാഥാര്‍ഥ്യമായത് നിരന്തര പോരാട്ടത്തിനൊടുവില്‍ മന്ത്രി ജി സുധാകരന്‍

post

ആലപ്പുഴ:  ബൈപ്പാസ് യാഥാര്‍ഥ്യമായതിനുപിന്നില്‍ നിരന്തര പോരാട്ടത്തിന്റെ  ചരിത്രമു ണ്ടെന്ന് പൊതുമരാമത്ത് മന്ത്രി  ജി സുധാകരന്‍  ഉദ്ഘാടനച്ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭൂമിക്കടിയിലുള്ള ജോലികളാണ് ചെയ്തിരുന്നത്.  

പൂര്‍ത്തിയാക്കാന്‍ പതിറ്റാണ്ടുകള്‍ എടുത്ത പദ്ധതി ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ ഭരിക്കുന്നവരുടെ  പ്രതിബദ്ധതയുടെ തെളിവാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ  നേട്ടമാണ് ബൈപാസ് . മാധ്യമങ്ങള്‍ ഏറെ പിന്തുണ നല്‍കിയതായും അദ്ദേഹം പറഞ്ഞു. പല പ്രതിസന്ധികളെയും തരണം ചെയ്തു.  കൊറോണ വ്യാപിച്ചതോടെ തൊഴിലാളികളെല്ലാം അന്യ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയി.  പണി തുടരുന്നതിന് അവരെയെല്ലാം തിരിച്ചെത്തിച്ചു. റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കുള്ള സാങ്കേതിക തടസ്സങ്ങള്‍ മൂലം ഒന്നരവര്‍ഷം നഷ്ടപ്പെട്ടു.  കാര്യമായ ഇടപെടലുകള്‍ നടത്തിയാണ് ആര്‍.ഓ.ബികള്‍ യാഥാര്‍ഥ്യമാക്കിയത്.  കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതി രേഖയില്‍ ജംഗ്ഷനുകള്‍ ഉള്‍പ്പെട്ടിരുന്നില്ല.  അപ്രോച്ച് റോഡ് ഇല്ലായിരുന്നു. 25 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അധികമായി മുടക്കിയാണ് കൊമ്മാടി  കളര്‍കോട് ജംഗ്ഷനുകളില്‍ വികസനം യാഥാര്‍ത്ഥ്യമാക്കിയത്. 80 ലൈറ്റുകള്‍ മാത്രമായിരുന്നു ബൈപ്പാസിന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ 412 ലൈറ്റുകള്‍ സ്ഥാപിച്ചു.  വലിയ പാലങ്ങളുടെ കമ്മീഷനിങ്ങിന്  സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് പുതിയൊരു നിബന്ധന കൂടി വച്ചു. കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പായി റോഡ്, പാലം, നാഷണല്‍ റെയില്‍വേ ചീഫ് എന്‍ജിനീയര്‍മാര്‍ അടങ്ങുന്ന സംഘം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇത്തരത്തിലുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതെന്ന് മന്ത്രി  പറഞ്ഞു. 

നഗരത്തിലെ 50 ശതമാനം തിരക്ക് ബൈപ്പാസ് കുറയ്ക്കുമെന്ന്  ചടങ്ങില്‍ സംസാരിച്ച ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഴക്കന്‍ ബൈപ്പാസ് കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന്റെ അലൈന്‍മെന്റ് ആയി. നെഹ്‌റുട്രോഫി പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടികളായി. നഗര റോഡ് നവീകരണ പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ അഞ്ചുവര്‍ഷത്തിനകം ആലപ്പുഴയുടെ മുഖച്ഛായ പൂര്‍ണമായി മാറ്റിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആലപ്പുഴയുടെ വികസനത്തിന് വലിയ കുതിച്ചുചാട്ടം ബൈപ്പാസ് നല്‍കുമെന്ന്  ചടങ്ങില്‍ സംസാരിച്ച ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.  ആലപ്പുഴ ബീച്ചിന്റെ   മനോഹാരിത ഏറെ സഞ്ചാരികളെ ആഘോഷിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ചരക്ക് നീക്കത്തിനും വ്യവസായ വളര്‍ച്ചയ്ക്കും ബൈപ്പാസ് ഏറെ പ്രയോജനം ചെയ്യുമെന്ന് മോര്‍ത്ത് സഹമന്ത്രി വി.കെ.സിങ് പറഞ്ഞു. ദേശീയ പാത വികസനത്തില്‍ വലിയ മാറ്റമാണ് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധര്‍ പറഞ്ഞു. ആര്‍.ഓ.ബികളുടെ നിര്‍മാണത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിന് കേന്ദ്രതലത്തില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ചരിത്രനിയോഗമായി കാണുന്നെന്നും എ.എം.ആരിഫ് എം.പി പറഞ്ഞു.

പ്രധാന ചടങ്ങിന് ശേഷം പൂര്‍ത്തിയാക്കിയ കളര്‍കോഡ് ജങ്ഷന്‍ വികസന പദ്ധതിയുടെ  ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. കൊമ്മാടി ജങ്ഷന്‍ ഉദ്ഘാടനം മന്ത്രി ടി.എം.തോമസ് ഐസക് നിര്‍വഹിച്ചു. മന്ത്രി പി.തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു ജങ്ഷന്‍ ഉദ്ഘാടനം.