പാലക്കാട് ജില്ലയില്‍ ഉയരുന്നത് 78.56 കോടിയുടെ ചരിത്രസ്മാരകങ്ങള്‍

post

പാലക്കാട് : സാംസ്‌കാരിക വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയില്‍ ഉയരുന്നത് 78.56 കോടിയുടെ ചരിത്രസ്മാരകങ്ങള്‍. വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ എം.ഡി രാമനാഥന്റെ ജന്മനാടായ മഞ്ഞപ്രയില്‍ സാംസ്‌കാരിക വകുപ്പിന്റെ ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സ്മാരകം വിശാലമായ ഓഡിറ്റോറിയം, അനുബന്ധമായ രണ്ട് നില കെട്ടിടത്തില്‍ സ്വീകരണഅതിഥി മുറികളും ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തസ്രാക്കിലെ ഞാറ്റുപുരയില്‍ തനിമ നഷ്ടപ്പെടാത്തവിധം തിയേറ്റര്‍ ഓണ്‍ ഡിമാന്റ്, കാര്‍ട്ടൂണ്‍  ഫോട്ടോ ഗാലറി എന്നിവ സജ്ജമാക്കിയതിന് പുറമെ ഒ.വി വിജയന്‍ സ്മാരകത്തില്‍ 3600 സ്്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള രണ്ട് നിലകളിലുള്ള കെട്ടിടത്തില്‍ ഓഫീസ്, സ്റ്റോര്‍ റൂമുകള്‍, ഗ്രന്ഥശാല, വിശ്രമ മുറി, പ്രദര്‍ശനശാല, ഒ.വി വിജയന്‍ നോവലുകള്‍ അടിസ്ഥാനമാക്കിയുള്ള ചിത്രപ്രദര്‍ശന വേദിയും ക്യൂരിയോസ് ഷോപ്പ്, ലഘുഭക്ഷണശാല, ഖസാക്ക് സ്മാരക കവാടം എന്നിവ ഒന്നാംഘട്ടമായി നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 50 ലക്ഷം ചെലവില്‍ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായിരുന്ന കെ.പി കേശവമേനോന്‍ സ്മാരകം, 24.70 ലക്ഷം ചെലവില്‍ കൊല്ലങ്കോട് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരകം, 63.50 ലക്ഷം ചെലവില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നവീകരണം, 10 ലക്ഷം ചെലവില്‍ ആലത്തൂര്‍ ആര്‍. കൃഷ്ണന്‍ സ്മാരകം ഉള്‍പ്പെടെ മൊത്തം 5.98 കോടി ചെലവിലാണ് പൂര്‍ത്തീകരണവും നവീകരണവും നടന്നിരിക്കുന്നത്.

68.38 കോടി, 2.6 കോടി ചെലവില്‍ യഥാക്രമം വി.ടി ഭട്ടതിരിപ്പാട് സ്മാരക സമുച്ചയം, അകത്തേത്തറ ശബരി ആശ്രമം എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. 110750 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന വി.ടി ഭട്ടതിരിപ്പാട് സ്മാരക സമുച്ചയത്തില്‍ ഒപ്പേറ ഹാള്‍, സിനിമ തിയേറ്റര്‍, മ്യൂസിക് ഹാള്‍, ആര്‍ട്ട് ഗാലറി, സെമിനാര്‍ ഹാള്‍, കലാകാരന്മാര്‍ക്കുള്ള താമസസൗകര്യം, നാടക പരിശീലന കേന്ദ്രം, വിവരവിതരണ കേന്ദ്രം, സ്മാരക ഹാള്‍, ഭരണനിര്‍വഹണ കാര്യാലയം, ശില്പനിര്‍മാണ കേന്ദ്രം, നാടന്‍കലാകേന്ദ്രം, ഉപഹാരശാല, ഓഡിറ്റോറിയം, ക്ലാസ്മുറികള്‍, എന്നിവ ഉള്‍പ്പെടും. ഗാന്ധിജി മൂന്ന് തവണ സന്ദര്‍ശിച്ച ചരിത്രപ്രാധാന്യമുള്ള അകത്തേത്തറയിലെ ശബരി ആശ്രമത്തില്‍ ഓഡിറ്റോറിയം, ഓഫീസ് ബ്ലോക്ക്, ഹോസ്റ്റല്‍ മന്ദിരം, കുളം, ഓഫീസ് സൗകര്യങ്ങള്‍, കണ്‍ട്രോള്‍സെക്യൂരിറ്റി മുറികള്‍, കവാടം, കുളപ്പുര, പാതകള്‍, ലാന്‍ഡ് സ്‌കേപ്പിങ് തുടങ്ങിയവയാണ് ഒരുക്കുന്നത്. കൂടാതെ, 1.6 കോടി ചെലവില്‍ പെരിങ്ങോട്ടുകുറിശ്ശി ഒളപ്പമണ്ണ സ്മാരകം, ബ്രഹ്മാനന്ദ ശിവയോഗി സ്മാരകം, ഇന്ദുചൂഡന്‍ സ്മാരകം, പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ സ്മാരകവും ജില്ലയില്‍ ഒരുങ്ങുന്നു. ഇതിന് പുറമെ, മലമ്പുഴയില്‍ 5.20 ഏക്കറില്‍ കേരളസംസ്‌കാരം സമഗ്രമായി പ്രദര്‍ശിപ്പിക്കുന്ന ഒരു ബൃഹത് മ്യൂസിയവും നിലവിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി കോര്‍ത്തിണക്കിയുള്ള ശൃംഖലയും സൃഷ്ടിക്കാനുളള നടപടികള്‍ ആരംഭിച്ചു.