ഉദ്ഘാടനത്തിന് ഒരുങ്ങി തിരുമിറ്റക്കോട് പഞ്ചായത്തിലെ വാതക ശ്മശാനം

പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 21ന് വൈകിട്ട് 3ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം, പഞ്ചായത്ത് 35 ലക്ഷം എന്നിങ്ങനെ ആകെ 1.05 കോടി രൂപ വിനിയോഗിച്ചാണ് വാതക ശ്മശാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തിരുമിറ്റക്കോട് 16-ാം വാര്‍ഡില്‍ കിഴക്കേ ചാത്തന്നൂരില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് 2015 ലാണ് ശ്മശാനത്തിനു ആവശ്യമായ കെട്ടിട നിര്‍മാണം ആരംഭിച്ചത്.
തൃത്താല മണ്ഡലത്തിലെ ഭൂരിഭാഗം ജനങ്ങളും മരണാനന്തര ക്രിയകള്‍ക്ക് ചെറുതുരുത്തി, പൊന്നാനി എന്നിവിടങ്ങളെയാണ് ആശ്രയിച്ചിരുന്നത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ വാതക ശ്മശാനം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.