സ്റ്റേറ്റ് സീഡ് ഫാം ഉദ്‌ഘാടനം ചെയ്തു

post

കൃഷിയിൽ ആധുനിക സാങ്കേതിക വിദ്യയും നിർമ്മിത ബുദ്ധിയും പ്രയോജനപ്പെടുത്തണം: മന്ത്രി പി. പ്രസാദ്

പാലക്കാട് അനങ്ങനടി ഗ്രാമപഞ്ചായത്തിലെ നവീകരണം പൂര്‍ത്തീകരിച്ച സ്റ്റേറ്റ് സീഡ് ഫാം കൃഷി,കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ മറികടക്കാൻ പരമ്പരാഗത കൃഷി രീതികൾ മാത്രം പോരെന്നും ആധുനിക സാങ്കേതിക വിദ്യയും നിർമ്മിത ബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കൃഷിയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

മാറുന്ന ലോക സാഹചര്യങ്ങൾക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് കൃഷിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണം. ഓരോ പ്രദേശത്തെയും ഭൂപ്രകൃതി, ജലലഭ്യത, മണ്ണ്, കാലാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പുതിയ പദ്ധതികൾ കൃഷി ഉദ്യോഗസ്ഥർ തയ്യാറാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.


പുതിയ കാർഷിക സമ്പ്രദായങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യകളും കർഷകർക്ക് ലഭ്യമാക്കുന്നതിൽ ഫാമുകൾക്ക് വലിയ പങ്കുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ച കൃഷിക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി കൃഷി ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും കർഷകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഇതിന്റെ ഭാഗമായി ഫാമുകളുടെ സേവനം മെച്ചപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫാമുകളെ ഗ്രേഡ് ചെയ്യുന്ന സമ്പ്രദായം നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ അധ്യക്ഷയായി. പി. മമ്മിക്കുട്ടി എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർ സി. അബ്ദുൽ ഖാദർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അറുമുഖ പ്രസാദ്, കെ.എൽ.ഡി.സി. എം.ഡി. (ഇൻ ചാർജ്) പി.കെ. ശാലിനി, ആത്മ പ്രൊജക്ട് ഡയറക്ടർ ഷീല എൻ., ഫാം ഓഫീസർ ശരത് പി പി മോഹൻ,മറ്റ് ജനപ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ, ഫാം തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.