മാലിന്യമുക്ത ഗ്രാമങ്ങള്‍; ശേഖരിച്ചത് 11 ടണ്‍ അജൈവ മാലിന്യം

post

സര്‍ക്കാര്‍ ഓഫീസുകളും മാലിന്യമുക്തം

വയനാട് : ക്ലീന്‍ കേരളയുടെ ഭാഗമായി  വയനാട് ജില്ലയില്‍ നിന്നും ഒരാഴ്ച കൊണ്ട് ശേഖരിച്ചത് 11 ടണ്‍ അജൈവ മാലിന്യങ്ങള്‍. വീടുകളിലും പരിസരങ്ങളിലേക്കും  അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങളെ ഒരു കുടക്കീഴില്‍  ഹരിതകേരള മിഷനും ശുചിത്വമിഷനും ചേര്‍ന്ന് ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് അനുദിനം കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളുടെ കണക്കുകള്‍ പുറത്ത് വന്നത്. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ തോറും ഹരിതകര്‍മ്മ സേനകളെ നിയോഗിച്ചാണ് ക്ലീന്‍ കേരള കമ്പനി  മാലിന്യങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രാമങ്ങള്‍ തോറും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മികച്ച പിന്തുണയാണ് തുടക്കം മുതല്‍ ലഭിക്കുന്നത്.

ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ വില നല്‍കിയാണ് ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കുക. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം തരം തിരിക്കാന്‍  ക്ലീന്‍ കേരള കമ്പനി പരിശീലനം നല്‍കുന്നു.  തരം തിരിക്കുന്ന അജൈവ മാലിന്യം വില നല്‍കി ഏറ്റെടുക്കും. ഹരിത കര്‍മ്മ സേനയ്ക്ക് ഇതുവഴി വരുമാനമുണ്ടാക്കാം.  മാലിന്യ ശേഖരണത്തില്‍ കൂടുതല്‍  പങ്കാളിത്തം  ഉറപ്പിക്കാനും ഇതുവഴി കഴിയും. ജില്ലയില്‍ 17 ഗ്രാമ പഞ്ചായത്തുകളും  മാനന്തവാടി നഗരസഭയും ആദ്യഘട്ടത്തില്‍ ക്യാമ്പെയിനിന്റെ ഭാഗമായി. 11 ടണ്‍ അജൈവ മാലിന്യം ക്ലീന്‍ കേരള കമ്പനി വില നല്‍കി ശേഖരിച്ചു. ഇതൊരു തുടര്‍പ്രവര്‍ത്തനമായി മുന്നോട്ട് പോകാനാണ് ഹരിത കേരളം മിഷന്‍ തീരുമാനം.