പുതിയ വില്ലേജിലും ടൗണ്‍ഷിപ്പ് ഉയരും; ഗുണഭോക്താക്കള്‍ക്ക് പട്ടയം കൈമാറി

post

മേപ്പാടി പുതിയ വില്ലേജില്‍ ചൂരല്‍മലയിലെ 13 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ടൗണ്‍ഷിപ്പ് ഉയരും. വെള്ളരിമല വില്ലേജിലെ സര്‍വെ നമ്പര്‍ 126 ല്‍ ഉള്‍പ്പെട്ട 5 ഹെക്ടര്‍ ഭൂമിയിലാണ് ഏല്‍സ്റ്റണിലേതിന് സമാനമായ ടൗണ്‍ഷിപ്പ് പൂര്‍ത്തീകരിക്കുന്നത്. ഏറാട്ടുകുണ്ട്, പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ കൈവശ രേഖ കൈമാറി.


ഏല്‍സ്റ്റണില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഞ്ചിരിമട്ടം ഉന്നതിയിലെ ചണ്ണയ്ക്ക് രേഖ കൈമാറി. ഓരോ കുടുംബത്തിനും 10 സെന്റ് ഭൂമിയുടെ രേഖയാണ് നല്‍കിയത്. പുതിയ വില്ലേജില്‍ ഒരുങ്ങുന്ന ടൗണ്‍ഷിപ്പില്‍ 13 കുടുംബങ്ങളിലെ 57 പേര്‍ക്കാണ് തണലൊരുങ്ങുന്നത്. പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉന്നതികളിലെ കുടുംബങ്ങള്‍ സര്‍ക്കാറിന്റെ 2- ബി പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ദുരന്തബാധിത മേഖലയിലെ നോ ഗോ സോണ്‍ മേഖലയിലൂടെ മാത്രം സഞ്ചാരപാതയുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ ഉന്നതിക്കാരെ പുതിയ വില്ലേജിലേക്ക് പുനരധിവസിപ്പിക്കുന്നത്. ഏറാട്ടുകുണ്ട് റെഡ് സോണ്‍ പരിധിയില്‍ ഉള്‍പ്പെട്ടതിനാല്‍ കാലവര്‍ഷങ്ങളില്‍ താത്ക്കാലിക പുനരധിവാസം ആവശ്യമുള്ളതിനാലാണ് മേഖലയിലെ കുടുംബങ്ങളെ ടൗണ്‍ഷിപ്പിലേക്ക് പരിഗണിച്ചത്. ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കളിനാണ്.