വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം യാഥാർഥ്യമാകുന്നു;ശിലാസ്ഥാപനം നടത്തി
വയനാട് വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി കെട്ടിടമെന്ന ദീര്‍ഘകാലത്തെ സ്വപ്നം യാഥാർഥ്യമാകുന്നു. കെട്ടിട ശിലാസ്ഥാപനം പട്ടികജാതി- പട്ടികവർഗ്ഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. ആരോഗ്യമേഖലയിൽ മികച്ച ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു പറഞ്ഞു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വാളാട് പ്രാഥമികാരോഗ്യ കേന്ദ്രം നിലവിൽ പരിമിതമായ ഭൗതിക സാഹചര്യത്തിൽ വാടക കെട്ടിടത്തിലാണ് പ്രവൃത്തിച്ചുവരുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അഞ്ചു കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 1965.80 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ രോഗികൾക്കുള്ള വെയിറ്റിങ് ഏരിയ, ഒ.പി കൗണ്ടർ, ലാബ്, ഫാർമസി, തീവ്രപരിചരണ വിഭാഗം, ടോയ്‍ലറ്റ് ബ്ലോക്ക് എന്നിവയും പാര്‍ക്കിങ് ഏരിയ, സംരക്ഷണ ഭിത്തി നിർമ്മാണം തുടങ്ങിയ പ്രവൃത്തികളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് അധ്യക്ഷയായ പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പാറക്കൽ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കമറുന്നീസ കോമ്പി, സ്വപ്ന പ്രിൻസ്, വാളാട് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ജി ആത്മ, പേരിയ സി എച്ച്.സി മെഡിക്കൽ ഓഫീസർ വി.ആർ ഷീജ, വാളാട് പി.എച്ച്.സി സീനിയർ ക്ലർക്ക് കെ.യു ദിവ്യ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.










