കോവിഡ് വ്യാപനം കൂടുന്നു, ജാഗ്രത കൈവിടരുത് ജില്ലാ ആരോഗ്യ വിഭാഗം

വയനാട് : എല്ലാ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും രോഗനിയന്ത്രണ പ്രവര്‍ത്തനത്തില്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു.
രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവിനനുസരിച്ച് ഗോത്ര വിഭാഗങ്ങളിലും വയോജനങ്ങളിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലും രോഗപ്പകര്‍ച്ച കൂടുതലാവും. ഈ വിഭാഗങ്ങളില്‍ മരണനിരക്ക് കൂടാനും സാധ്യത ഏറെയാണ്. ആളുകള്‍ അടുത്തിടപഴകുന്നതും ശരിയായ രീതിയില്‍ മാസ്‌ക് ഉപയോഗിക്കാത്തതും ശരിയായ രീതിയില്‍ കൈകള്‍ വൃത്തിയാക്കാത്തതും ആണ് രോഗപ്പകര്‍ച്ച കൂടാന്‍ കാരണം.
കോവിഡ് ബാധിക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ വയോജനങ്ങളെയും മറ്റു രോഗങ്ങള്‍ ഉള്ളവരെയും ഗോത്ര വിഭാഗം ജനങ്ങളെയും രോഗത്തിന്റെ പിടിയില്‍നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയുകയുള്ളൂ. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ട് പരിശോധന നടത്തി കോവിഡ് ആണോ എന്ന് ഉറപ്പുവരുത്തണം. പനി, തൊണ്ടവേദന, ചുമ, ജലദോഷം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളിലും പുറത്തും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.