സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും

post

പാലക്കാട്: സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍.ബി.ഡി.സി.കെ മുഖേന നടപ്പാക്കുന്ന ജില്ലയിലെ അകത്തേത്തറ-നടക്കാവ്, വാടാനംകുറുശ്ശി മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം   ഓണ്‍ലൈനായി നിര്‍വഹിക്കുകയാരുന്നു മുഖ്യമന്ത്രി.

തടസ്സരഹിതമായ റോഡ് ശൃംഖല സൃഷ്ടിക്കുന്നതിനാണ് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന് തുടക്കമിടുന്നത്. റെയില്‍വേ ക്രോസുകള്‍ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ പശ്ചാത്തല വികസനം നടപ്പാക്കുന്നതിനായി കിഫ്ബി, കെഎസ്ടിപി, വാര്‍ഷിക പദ്ധതികള്‍ എന്നിവയിലൂടെ 25,000 കോടിയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ഇതില്‍ പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാകും. 8383 കി. മീ റോഡ് നിര്‍മാണം പുരോഗതിയിലാണ്. നാടിന്റെ വികസനത്തിന് മെച്ചപ്പെട്ട ഗതാഗത സൗകര്യം അത്യാവശ്യമാണ്. ഇതിനാലാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നത്. ഇത്തരത്തില്‍ കേരളം സേവനത്തിനും വികസനത്തിനും രാജ്യത്തിനുതന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തിന് വേഗത കൂട്ടുന്ന 10 മേല്‍പ്പാലങ്ങള്‍ക്കായി 251 കോടി ആര്‍.ബി.ഡി.സി.കെയ്ക്ക് കൈമാറിയതായി അധ്യക്ഷനായ

പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നങ്ങളാണ് പൂര്‍ത്തിയാകുന്നത്. മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ വികസനത്തിന് വേഗത കൂടും. ഇതിനാല്‍ മേല്‍പ്പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഇതുകൂടാതെ 27 മേല്‍പ്പാലങ്ങള്‍ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്.