യാത്രാ ദുരിതങ്ങള്‍ക്ക് വിട; നവീകരണ വഴിയില്‍ പാതകള്‍

post

കോഴിക്കോട്: ക്ലേശങ്ങളില്ലാത്ത സുഗമയാത്ര ലക്ഷ്യമിട്ട് മികച്ച വികസന മുന്നേറ്റമാണ് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രദേശങ്ങളെ ബന്ധിപ്പിച്ച് നവീകരിക്കുന്ന പാതകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ബജറ്റ് പ്രവൃത്തികളില്‍ വകയിരുത്തിയ അഞ്ചു കോടിയ്ക്ക് മുകളിലുള്ള ആറു പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 11 പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഭരണാനുമതി ലഭിച്ച അഞ്ച് റോഡുകളുടെ പ്രവൃത്തി ആരംഭിക്കാനുണ്ട്.

ജില്ലയിലെ പ്രധാന പാതകളായ ആരാമ്പ്രം-കാഞ്ഞിരമുക്ക് റോഡിന്റെ പ്രവൃത്തി 70 ശതമാനം പൂര്‍ത്തിയായി. കുറ്റ്യാടി ടൗണില്‍ നിന്നും ആരംഭിച്ച് പശുക്കടവ് ടൗണില്‍ അവസാനിക്കുന്ന കുറ്റ്യാടി - മുള്ളന്‍കുന്ന് -പശുക്കടവ് റോഡിന്റെ അഭിവൃദ്ധിപ്പെടുത്തല്‍ 16.7 കോടി രൂപ ചെലവിലും പേരാമ്പ്ര -താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡ് 10 കോടി രൂപ ചെലവിലും പ്രവൃത്തി പുരോഗമിക്കുകയാണ്.

കിഫ്ബി പ്രവൃത്തികളില്‍ അഞ്ച് കോടിക്കു മുകളില്‍ പ്രധാനമായും രണ്ടു പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആറു പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഭരണാനുമതി ലഭിച്ച ഏഴ് പ്രവൃത്തികള്‍ ആരംഭിക്കേണ്ടതുണ്ട്. കിഫ്ബി പ്രവര്‍ത്തികളില്‍ പ്രധാനപ്പെട്ട കൈതപ്പൊയില്‍ -കോടഞ്ചേരി- അഗസ്റ്റിയന്‍മ്മുഴി റോഡ് 86 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

താമരശ്ശേരി -വരട്ട്യാക്കല്‍  റോഡ് 36 കോടി രൂപ ചെലവിലും കോഴിക്കോട് മിനി ബൈപ്പാസിലെ ഈസ്റ്റ് ഹില്ലില്‍ നിന്നും ആരംഭിച്ച് കോഴിക്കോട് ബാലുശ്ശേരി റോഡില്‍ കാരപ്പറമ്പില്‍ അവസാനിക്കുന്ന ഈസ്റ്റ് ഹില്‍-ഗണപതിക്കാവ് -കാരപ്പറമ്പ് റോഡ് 21 കോടി രൂപ ചെലവിലും പ്രവൃത്തി അന്തിമഘട്ടത്തിലാണ്. എന്‍.എച്ച് 66 ല്‍ കൈനാട്ടിയില്‍ നിന്നും ആരംഭിച്ച് നാദാപുരത്ത് അവസാനിക്കുന്ന മുട്ടുങ്ങല്‍-നാദാപുരം-പക്രംതളം റോഡിന്റെ പ്രവൃത്തി 41.5 കോടി രൂപയ്ക്കാണ് ഒരുങ്ങുന്നത്. ചോറോട്-ഏറാമല-എടച്ചേരി-പുറമേരി-നാദാപുരം എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണിത്.