ജില്ലയില്‍ ആദ്യ ഘട്ട വാക്‌സിന്‍ വിതരണം ജനുവരി 16ന്

post

9 കേന്ദ്രങ്ങള്‍ സജ്ജമാക്കി

ആലപ്പുഴ: കൊവിഡ് വാക്‌സിന്‍ ഈ മാസം 16 മുതല്‍ വിതരണം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ സജ്ജീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ വിലയിരുത്തി. ഇതിനായി ആദ്യഘട്ടത്തില്‍ ജില്ലയില്‍ 9 സെന്ററുകളാണ് സജ്ജമായിരിക്കുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജ്, ആലപ്പുഴ ജനറല്‍ ആശുപത്രി , ചെങ്ങന്നൂര്‍, മാവേലിക്കര ജില്ലാ ആശുപത്രികള്‍, കായംകുളം താലൂക്കാശുപത്രി, ആര്‍.എച്ച്.റ്റി.സി ചെട്ടികാട്, പ്രാഥമികാരോഗ്യകേന്ദ്രം പുറക്കാട്, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം, സേക്രട്ട് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല എന്നിവിടങ്ങളാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. വാക്‌സിനുകള്‍ കൂടുതലായി ലഭിക്കുമ്പോള്‍ നല്‍കാനായി 80 കേന്ദ്രങ്ങള്‍ കൂടി ജില്ലയില്‍ തയ്യാറാക്കുന്നുണ്ട്.

വാക്‌സിനേഷനായി ഇതുവരെ ജില്ലയില്‍ 18,291 ആരോഗ്യമേഖലയിലുള്ളവരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കി കഴിഞ്ഞു. ഒരു വാക്‌സിന്‍ കേന്ദ്രത്തില്‍ പരമാവധി 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് അങ്കണവാടി ജീവനക്കാര്‍ക്കാണ് ആദ്യഘട്ടം വാക്‌സിന്‍ ലഭിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍, രജിസ്‌ട്രേഷന്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണിലെ എസ്.എം.എസ് സന്ദേശം പരിശോധിക്കേണ്ടതാണ്. വാക്‌സിന്‍ എടുക്കേണ്ട തീയതി, എത്തിച്ചേരേണ്ട വാക്‌സിനേഷന്‍ കേന്ദ്രം, സമയം എന്നിവ എസ്.എം.എസ് ലൂടെയാണ് ലഭ്യമാക്കുന്നത്.

മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗം എന്നിങ്ങനെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നത്. അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്‌സിന്‍ നല്‍കാനായി തിരഞ്ഞെടുക്കുന്നത്. വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികള്‍ ഒരു വാക്‌സിനേഷന്‍ സൈറ്റില്‍ ഉണ്ടായിരിക്കും. അഞ്ചു ആരോഗ്യ പ്രവര്‍ത്തകരെ ആണ് ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിയോഗിക്കുന്നത്. കുത്തിവയപ്പ് സ്വീകരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കും. വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും വാക്‌സിനേഷന്‍ സൈറ്റില്‍ സജ്ജീകരിക്കും. ആരോഗ്യ പ്രശ്‌നങ്ങളിലെങ്കില്‍ വീട്ടിലേക്ക് തിരികെ അയക്കുകയും, കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തുടര്‍ന്നും പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇതിനായി ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കും. 

യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, സബ് കളക്ടര്‍ എസ്. ഇലക്യ, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ സുജ പി എസ്,ആലപ്പുഴ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, ഡോ. കോശി സി എബ്രഹാം,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.