ഉന്നത വിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയില്‍ സ്വാശ്രയ മേഖലയിലെ ചൂഷണം അവസാനിപ്പിക്കും

post

വയനാട് : ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പുതുതലമുറ കോഴ്‌സുകള്‍ കൊണ്ടുവരാന്‍  ലക്ഷ്യമിടുന്നതായി  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍.പറഞ്ഞു. എടവക പഞ്ചായത്തിലെ പൈങ്ങാട്ടരിയില്‍ പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയിലാണ്. പഠിക്കുന്ന വിഷയങ്ങള്‍ കാലാനുസൃതമാവുകയും ജീവിക്കുന്ന കാലഘട്ടത്തിന് അനുയോജ്യമാവുക എന്നുളളതും പ്രധാനമാണ്. അതിനാല്‍  പഠനത്തോടൊപ്പം ജോലിയും നേടാന്‍ കഴിയുന്ന ന്യൂ ജെന്‍  കോഴ്‌സുകളാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേലയില്‍ 150  ഓളം സ്ഥാപനങ്ങളില്‍ 197 പുതുതലമുറ കോഴ്‌സുകള്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു.

 കേരളത്തില്‍  വിവിധ സര്‍വകലാശാലകള്‍ കോഴ്‌സുകള്‍ പരസ്പരം  അംഗീകരിക്കണം ഓട്ടോണോമോസ് കോളേജുകള്‍ ബൗദ്ധിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.  ഒരു നാടിന്റെ പുരോഗതി എന്നത് വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന്റെ ക്യാന്‍വാസാണെന്നും  മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി .

സ്വാശ്രയ മേഖലയില്‍ അധ്യാപക അനധ്യാപക ജീവനക്കാര്‍ നേരിടുന്ന  ചൂഷണങ്ങള്‍ക്ക് അറുതി വരുത്തുന്നതിനുളള നിയമം ഉടന്‍ നിലവില്‍ വരും. നിയമന കാര്യങ്ങളിലടക്കം  സ്വാശ്രയ കോളേജുകള്‍ എയഡഡ് കോളേജുകളെ പോലെ തന്നെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും.  ഇത് അദ്ധ്യാപക അനധ്യാപക ജീവനക്കാരുടെ തൊഴില്‍ സ്ഥിരത, ന്യായമായ വേതനം, സാമൂഹ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിന് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. ധൈഷിണിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ പരമായ മാന്യതയും നിയമപരമായ അവകാശ സംരക്ഷണവും ഉറപ്പ് നല്‍കുക എന്ന ചരിത്രപരമായ ദൗത്യമാണ് പുതിയ സ്വശ്രയ ബില്‍ നിറവേറ്റുന്നത്. ഈ നിയമത്തെ സ്വാശ്രയമേഖലയിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെ മാഗ്‌നകാര്‍ട്ട എന്നാകും ചരിത്രം രേഖപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ. അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് മാസ്റ്റര്‍, ഡയറക്ടര്‍ ഐ.എച്ച്.ആര്‍.ഡി ഡോ. പി.സുരേഷ്‌കുമാര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. പി.കെ .പ്രസാദന്‍ , ജില്ലാ പഞ്ചായത്ത്് അംഗം കെ. വിജയന്‍, എടവക ഗ്രാമ പഞ്ചായത്ത് അംഗം ലിസി ജോണ്‍ , പ്രിന്‍സിപ്പാള്‍ കെ.എന്‍. പ്രകാശ്, കമ്മൂണിറ്റി സ്‌കില്‍ പാര്‍ക്ക്്് സീനിയര്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.