കരനെല്‍കൃഷിക്ക് ഉണര്‍വ്വേകി അരൂര്‍ ഗ്രാമപഞ്ചായത്ത്; അഞ്ച് ഏക്കറില്‍ കൃഷിയിറക്കി തൊഴിലുറപ്പ് തൊഴിലാളികള്‍

post

ആലപ്പുഴ : കരനെല്‍കൃഷിക്ക്  ഉണര്‍വ്വേകി അരൂര്‍  ഗ്രാമപഞ്ചായത്ത്. സുഭിക്ഷ കേരളം പദ്ധതി പ്രകാരം പഞ്ചായത്ത് ഭരണസമിതിയുടെയും അരൂര്‍  കൃഷിഭവന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിലാണ് കരനെല്‍ കൃഷി ചെയ്യുന്നത്.പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി അഞ്ചേക്കര്‍ സ്ഥലത്താണ്  കരനെല്‍ കൃഷി ചെയ്യുന്നത്.

കൃഷിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തിയതും നിലമൊരുക്കിയതും  തൊഴിലുറപ്പ് തൊഴിലാളികള്‍ ആണ്.  പഞ്ചായത്ത് ഫണ്ടില്‍ ഉള്‍പ്പെടുത്തി കൃഷിഭവന്‍ മുഖേന കൃഷിക്കാവശ്യമായ വിത്തുകളും വളവും ലഭ്യമാക്കി.അത്യുല്പാദനശേഷിയുള്ള ഉമ, ജപ്പാന്‍ വയലറ്റ്  എന്നീ ഇനങ്ങളില്‍പെട്ട നെല്ലാണ് കൃഷിക്ക്  ഉപയോഗിച്ചിരിക്കുന്നത്.  ഒക്ടോബര്‍  ആദ്യവാരമാണ് വിത്ത് വിതച്ചത്. തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി. കൃഷിയിലൂടെ ലഭിക്കുന്ന നെല്ല് തൊഴിലുറപ്പ്  തൊഴിലാളികള്‍ തന്നെയാണ് വീതിച്ചെടുക്കുക. കൃഷി വിജയകരമായാല്‍ അധികമായി കിട്ടുന്ന നെല്ല് വിപണനം നടത്തുവാനും പദ്ധതിയുണ്ട്.

തരിശായിക്കിടക്കുന്ന ഭൂമികള്‍ കണ്ടെത്തി കൃഷിയിറക്കി ജീവിതമാര്‍ഗം കണ്ടെത്താനുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ ഇത്തരത്തിലുള്ള ശ്രമങ്ങള്‍  പ്രശംസാര്‍ഹമാണ് എന്നും, അഞ്ച് ഏക്കറിലെ ഈ കൃഷിയില്‍ നിന്ന് ഏകദേശം  10 ടണ്‍  നെല്ല് എങ്കിലും വിളവെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അരൂര്‍ ഗ്രാമപഞ്ചായത്ത്  കൃഷി ഓഫീസര്‍ പറഞ്ഞു. കരനെല്‍കൃഷി വിജയകരമായി പൂര്‍ത്തിയാക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും കൃഷിഭവന്‍ മുഖാന്തരം നല്‍കുമെന്നും കൃഷി ഓഫീസര്‍ പറഞ്ഞു.

തൊഴിലുറപ്പ് ജോലികളുടെ സ്ഥിരം രീതിയില്‍  നിന്നും വ്യത്യസ്തമായി സുഭിക്ഷ കേരളം പദ്ധതി വഴി കരനെല്‍കൃഷിയിലേക്ക് പുതിയ ചുവടുവയപ്പ് നടത്തിയ  പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ മാതൃകപരമായ കാര്യമാണ്  ചെയ്തതെന്നും തരിശായി കിടക്കുന്ന മറ്റ് പ്രദേശങ്ങളില്‍ കൂടി ഇത്തരത്തില്‍ കൃഷി വ്യാപിപ്പിക്കുമെന്നും അതിനുവേണ്ട എല്ലാ പ്രോത്സാഹനവും സഹായവും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കുമെന്നും  അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി  പറഞ്ഞു.