വണ്ടാനം ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

post

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് മുതല്‍ക്കൂട്ടാകുന്ന വണ്ടാനം ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഏറ്റവും വേഗത്തില്‍ വിവിധ പരിശോധനാ ഫലം ലഭ്യമാക്കാന്‍ പ്രാപ്തമായതും വൈറസ് രോഗങ്ങളെക്കുറിച്ചുള്ള കുറ്റമറ്റതും, ആഴത്തിലുള്ളതും, നിരന്തരവുമായ ഗവേഷണത്തിനും പ്രാപ്തമാകുന്ന ഇന്‍സ്റ്റിറ്യൂട്ട് വണ്ടാനം ഗവ. ടി ഡി മെഡിക്കല്‍ കോളേജ് അങ്കണത്തിലാണ് നിര്‍മിക്കുന്നത്.

മൂന്നു നിലകളിലായുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ പാര്‍ക്കിങ്, തൊട്ടു മുകളില്‍ ലാബ് സംവിധാനങ്ങള്‍, മുകളിലത്തെ നിലയില്‍ സയന്റിസ്റ്റുകള്‍, അനുബന്ധ ഡോക്ടര്‍മാര്‍ എന്നിവര്‍ക്കുള്ള താമസ സൗകര്യം എന്നിവയും ഒരുക്കും. ബയോ സേഫ്റ്റി ലെവല്‍ മൂന്ന് (ബി എസ് എല്‍ - 3) പദവി നിലവാരത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക. മൃഗങ്ങളിലൂടെയുളള അണുബാധ പരിശോധനാ സൗകര്യം, രോഗ നിര്‍ണ്ണയ സംവിധാനം എന്നിവയാണ് ലാബിന്റെ പൂര്‍ത്തീകരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനു കീഴിലാണിത്. കെട്ടിടത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന ജോലികളും ലാബ് ഫര്‍ണിഷിംഗ് ജോലികളും മാത്രമാണ് ബാക്കിയുള്ളത്. കോവിഡ് പ്രതിബന്ധങ്ങളില്ലങ്കില്‍ ആറു മാസത്തിനുള്ളില്‍ ലാബ് പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്ന് ലാബിന്റെ ചുമതല വഹിക്കുന്ന സയന്റിസ്റ്റ് - ജി ആന്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ.പി സുഗുണന്‍ പറഞ്ഞു.


സംസ്ഥാനത്ത് തുടര്‍ച്ചയായി ഉടലെടുത്ത കാലാവസ്ഥാ വ്യതിയാനവും, താഴ്ന്നതും വെള്ളത്താല്‍ ചുറ്റപ്പെട്ടതുമായ ആലപ്പുഴ ജില്ലയിലുണ്ടായ പകര്‍ച്ചവ്യാധി ഭീഷണിക്കും ശാശ്വത പരിഹാരം കാണണമെന്ന ദൃഢനിശ്ചയം മുന്‍നിര്‍ത്തി 2006-ലെ വി എസ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയുടെ ചുമതല കൂടി നിര്‍വ്വഹിച്ചിരുന്ന മന്ത്രി ജി സുധാകരന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ആരോഗ്യ വകുപ്പു മന്ത്രിയായിരുന്ന പി കെ ശ്രീമതിയാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആശയം മുന്നോട്ടുവെച്ചത്. ഇതിനായി ടി ഡി മെഡിക്കല്‍ കോളേജിന്റെ അധീനതയിലുള്ള അഞ്ച് ഏക്കര്‍ സ്ഥലം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണത്തിനായി വിട്ടു നല്‍കി. 2011 ഓടെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ എ എം ആരിഫ് എം പി യുടെ സഹായത്താല്‍ 10 കോടി രൂപ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ലഭ്യമായതോടെ ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി. ലബോറട്ടറി പ്രവര്‍ത്തിപഥത്തിലെത്തുന്നതോടെ കോവിഡ് -19, നിപ വൈറസ് ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളെക്കുറിച്ചും, മനുഷ്യനും പക്ഷിമൃഗാദികള്‍ക്കും ഭീഷണിയായി മാറുന്ന മറ്റു വൈറസുകളെക്കുറിച്ചും വേഗത്തിലും ആഴത്തിലുമുള്ള ഗവേഷണം നടത്താന്‍ കഴിയും. വേഗത്തില്‍ പരിശോധനാ ഫലം ലഭ്യമാക്കി യഥാസമയം ചികിത്സ നല്‍കാനും സഹായിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ദക്ഷിണേന്ത്യയിലെ പ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി മാറും.