ജില്ലയിലെ സ്‌കൂളുകള്‍ നിയന്ത്രിതമായി തുറന്നു

post

ആലപ്പുഴ : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ജില്ലയിലെ സ്‌കൂളുളിലെ അദ്ധ്യായനം ശക്തമായ കോവിഡ് മാനദണ്ഡങ്ങളോടെ വെള്ളിയാഴ്ച പുനരാരംഭിച്ചു.ജില്ലയിലെ 127 എയ്ഡഡ് സ്‌കൂളുകളിക്കും 67 സര്‍ക്കാര്‍ സ്‌കൂളുകളിലുമായി പതിനയ്യായിരത്തോളം വിദ്യാര്‍ഥികളാണ് ഇന്നുമുതല്‍ വിദ്യാലയങ്ങളിലേക്ക് എത്തിത്തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ സ്‌കൂളിലെയും പകുതി വിദ്യാര്‍ത്ഥികള്‍ വീതമാണ് ക്ലാസ്സുകളിലേക്ക് പ്രവേശിക്കുന്നത്. 300 ന് മുകളില്‍ കുട്ടികള്‍ ഉള്ള സ്‌കൂളുകളില്‍ 25% എന്ന കണക്കില്‍ രണ്ടു ദിവസങ്ങളിലായി നാല് നേരത്തായി 300 ന് താഴെ കുട്ടികള്‍ ഉള്ള സ്‌കൂളുകളില്‍ രാവിലേയും ഉച്ചയ്ക്കുമായുമാണ് ക്ലാസ്സുകള്‍ നടക്കുന്നത്.

സ്‌കൂളുകളില്‍ സജ്ജീകരിച്ചിരിക്കുന്ന തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് കുട്ടികളുടെ താപനില കൃത്യമായി പരിശോധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ മുന്‍കരുതലുകളോടും കൂടിയാണ് ആദ്യദിനം തന്നെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. എസ്. എസ്. കെ യുടെ നേതൃത്വത്തില്‍ പുനരുപയോഗിക്കാന്‍ സാധിക്കുന്ന മാസ്‌കുകളും വിതരണം ചെയ്തു. കെ എസ് ഡി പി വഴി സാനിറ്റൈസറും, കയര്‍ഫെഡ് വികസിപ്പിച്ചെടുത്ത സാനിമാറ്റും മിക്ക സ്‌കൂളുകളിലും ഉറപ്പാക്കിയിട്ടുണ്ട്.

ഓരോ സ്‌കൂളുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് കോവിഡ് സെല്‍ രൂപീകരിച്ചിട്ടുണ്ട്. എന്തെങ്കിലും അസുഖം ഉള്ള കുട്ടികളെ മാറ്റി ഇരുത്താന്‍ പ്രത്യേക റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് ഉള്‍പ്പെടെ സാമൂഹിക അകലം കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ഓരോ സ്‌കൂളുകളിലും നിശ്ചിത സമയക്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കരുതാം ആലപ്പുഴയുടെ ഭാഗമായി ജില്ല ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ കുട്ടികള്‍ക്കായി തയ്യാറാക്കിയ കോവിഡ് ബോധവത്ക്കരണ ഹൃസ്വ വീഡിയോ ആദ്യദിനം തന്നെ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ ഇതുവരെയും വീടുകളില്‍ മാത്രം കഴിഞ്ഞ അന്തരീക്ഷത്തില്‍ നിന്നും വിദ്യാലയവുമായി കൂടുതല്‍ താതാന്മ്യം പ്രാപിക്കത്തക്ക പരിപാടികള്‍ നടന്നു. തുടര്‍ന്നു വരുന്ന രണ്ടു- മൂന്ന് ദിവസങ്ങളിലും കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കത്തക്ക വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക.കുട്ടികള്‍ വിദ്യാലയവും, അധ്യാപകരുമായി ഇടപ്പെട്ട് പഠനാന്തരീക്ഷത്തിലേക്ക് എത്തി കഴിഞ്ഞാല്‍ പരീക്ഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തുടങ്ങും.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ നാലു വിദ്യാഭ്യാസ ജില്ലകളിലെയും സ്‌കൂളുകള്‍ സന്ദര്‍ശിച്ച് വിദ്യാഭ്യാസ വകുപ്പിന്റെയും, ആരോഗ്യ വകുപ്പിന്റെയും എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പാക്കും.

സ്‌കൂളുകള്‍ തുറന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ നേരിട്ട് സ്‌കൂളില്‍ വരേണ്ടതില്ലെന്നും പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് ജനുവരി 15 വരെയും പ്ലസ്ടു ക്ലാസ്സിലെ കുട്ടികള്‍ക്ക് ജനുവരി 30 വരെയും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാമെന്നും വിദ്യാഭാസ ഉപഡയറക്ടര്‍ ധന്യ ആര്‍ കുമാര്‍ അറിയിച്ചു.