കൊവിഡ് വാക്സിന്‍: ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി

post

കണ്ണൂര്‍: കൊവിഡ് വാക്സിന്‍ ലഭ്യമായാലുടന്‍ വിതരണത്തിനുളള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.  വാക്സിനേഷന്റെ വിവിധ മേഖലകളിലുളള  പരിശീലന പരിപാടിയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് നിര്‍വഹിച്ചു.  വാക്സിന്‍ സംഭരണം, വിതരണം, വാക്സിനേഷന്റെ സംഘാടനം, പരിശോധനയും മേല്‍നോട്ടവും, ആശയ വിനിമയവും മീഡിയ മാനേജ്മെന്റും എന്നീ വിഷയങ്ങളിലാണ് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയത്.

മൂന്ന് ഘട്ടങ്ങളിലായാണ് വാക്സിനേഷന്‍ ആസൂത്രണം ചെയ്തിട്ടുളളത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും വാക്സിന്‍ നല്‍കുക. ഇതിനായി 22,773 ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ ഇതിനകം പൂര്‍ത്തിയാക്കി.  രണ്ടാംഘട്ടത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്കും, തുടര്‍ന്ന് 50 വയസിന് മുകളില്‍ പ്രായമുളളവര്‍ക്കും, ജീവിത ശൈലീ രോഗങ്ങളുളളവര്‍ക്കും വാക്സിന്‍ നല്‍കും. അടുത്ത ഘട്ടത്തിലാണ് മറ്റെല്ലാ വിഭാഗങ്ങളെയും പരിഗണിക്കുക. വാക്സിന്‍ വിതരണത്തിന് എത്തിയാലും നിലവിലുളള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ അണുവിമുക്തമാക്കുക എന്നിവ അത്യാവശ്യമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും സാമൂഹിക പങ്കാളിത്തത്തോടെയും ആയിരിക്കും വാക്സിനേഷന്റെ ഓരോ ഘട്ടവും പൂര്‍ത്തീകരിക്കുക.