ഭക്ഷ്യ ഭദ്രതാ പദ്ധതികൾ കൂടുതല്‍ കാര്യക്ഷമമാക്കും; അവലോകന യോഗം ചേർന്നു

ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ പരിധിയില്‍ വരുന്ന വിവിധ വകുപ്പുകളുടെ കണ്ണൂര്‍ ജില്ലയിലെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേർന്നു.
കണ്ണൂർ ജില്ലയിലെ ഭക്ഷ്യ ഭദ്രതാ പദ്ധതികളുടെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. സബിദാ ബീഗം ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യോഗത്തിൽ നിര്‍ദ്ദേശം നല്‍കി. പൊതുവിതരണം, വനിതാ ശിശു വികസനം, പൊതു വിദ്യാഭ്യാസം, പട്ടികവര്‍ഗ്ഗ വികസനം എന്നീ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ കഴിഞ്ഞ ആറ് മാസക്കാലയളവില്‍ വകുപ്പ് വഴി നടപ്പിലാക്കിയ ഭക്ഷ്യഭദ്രതാ പദ്ധതി നിര്‍വഹണത്തിന്റ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു.
വനിതാ ശിശു വികസന വകുപ്പില്‍ പോഷകാഹാര വിതരണവുമായി ബന്ധപ്പെട്ടുള്ള പോഷന്‍ ട്രാക്കര്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ സങ്കീര്‍ണതകള്‍ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. സ്‌കൂള്‍ പാചക തൊഴിലാളികളുടെ വേതനത്തിന്റെ കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കുന്നതിനുളള ഇടപെടലുകള്‍ നടത്തുമെന്നും കമ്മീഷന്‍ പറഞ്ഞു.
ഡെപ്യൂട്ടി കലക്ടര്‍ കെ.വി. ശ്രുതി അധ്യക്ഷയായിരുന്നു. ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.എ ബിന്ദു, ജില്ലാ സപ്ലൈ ഓഫീസര്‍ ഇ.കെ പ്രകാശന്‍, ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫിസര്‍ കെ. ബിന്ദു, ജില്ലാ നൂണ്‍മീല്‍ സൂപ്പര്‍വൈസര്‍ റ്റി.വി ഗിരീഷ്, എഫ് സി ഐ, സപ്ലൈക്കോ, കുടുബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, സി.ഡി.പി.ഒ മാര്‍, എ.ഇ.ഒ മാര്‍, നൂണ്‍ മീല്‍ ഓഫീസര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍മാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.