കണ്ണൂർ ജില്ലയില്‍ വിജയഗാഥ തീര്‍ത്ത് നല്ലോണം മീനോണം പദ്ധതി

post

ഓണത്തോട് അനുബന്ധിച്ച് ശുദ്ധമായ മത്സ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടത്തിയ നല്ലോണം മീനോണം പരിപാടി ജില്ലയില്‍ വിജയകരം. ഓണക്കാലത്ത് ജില്ലയില്‍ 46 മത്സ്യകര്‍ഷകളില്‍ നിന്നായി 7712 കിലോ മത്സ്യം വിളവെടുത്തു. പ്രധാനമായും മലബാര്‍ മേഖലയിലെ മത്സ്യകര്‍ഷകരുടെ മത്സ്യം വിളവെടുക്കുന്ന പദ്ധതിയാണ് നല്ലോണം മീനോണം. ഓരോ കര്‍ഷകരുടെ വിളവെടുപ്പും അതാത് പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ഉദ്ഘാടനം ചെയ്തതോടെ പരിപാടി ജനകീയമായി. ഫിഷറീസ് വകുപ്പിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, അക്വാകള്‍ച്ചര്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.

ഫിഷറീസ് വകുപ്പിന്റെ പദ്ധതികളായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന, ജനകീയ മത്സ്യകൃഷി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന ഒരു മീന്‍ തോട്ടം തുടങ്ങിയ പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകരുടെയും മറ്റ് സ്വകാര്യ മത്സ്യകര്‍ഷകരുടെയും മത്സ്യങ്ങളാണ് വിളവെടുത്തത്. കാളാഞ്ചി, കരിമീന്‍, തിലാപ്പിയ, കാര്‍പ്പ് മത്സ്യങ്ങള്‍, ചെമ്മീനുകള്‍, ആസാം വാള, വരാല്‍ തുടങ്ങിയ മത്സ്യങ്ങളാണ് പ്രധാനമായും വിളവെടുത്തത്. കല്ല്യാശ്ശരി പഞ്ചായത്തിലെ ഇ.വി കബീര്‍ എന്ന കര്‍ഷകന്‍ നല്ലോണം മീനോണം പദ്ധതി പ്രകാരം വിറ്റത് 3000 കിലോ ഗ്രാം ചെമ്മീനാണ്. മത്സ്യ കര്‍ഷകര്‍ക്ക് വിപണന സാധ്യത ഒരുക്കികൊടുക്കുക എന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനത്തിന്റെ വിജയഗാഥയാണിത്. വകുപ്പിന്റെ വിവിധ പദ്ധതികളിലൂടെ കുളം, മത്സ്യകുഞ്ഞുങ്ങള്‍, തീറ്റ, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവക്ക് സബ്സിഡി നല്‍കി വരുന്നതിനാല്‍ മത്സ്യകൃഷി രംഗത്ത് കൂടുതല്‍പേര്‍ ആകര്‍ഷകരായി എത്തുന്നുണ്ട്.


ജനകീയ മത്സ്യകൃഷി 2024-25

മത്സ്യബന്ധന മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതികളില്‍ പ്രധാനമാണ് 'ജനകീയ മത്സ്യകൃഷി 2024-25'. സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പാക്കാനാണ് വകുപ്പ് ഉദ്യേശിക്കുന്നത്. പദ്ധതിക്ക് 4751.13 ലക്ഷം രൂപ ചെലവ് വരും. 36,775 മെട്രിക് ടണ്‍ അധിക മത്സ്യോത്പാദനം കൈവരിക്കുക, 28 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക, 55,000 കര്‍ഷകര്‍ക്ക് ഉപജീവന വരുമാനം ഉറപ്പാക്കുക, 551.62 കോടി രൂപയുടെ വരുമാനം നേടുക, സുസ്ഥിര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക, നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് എത്തിക്കുക, യുവജനങ്ങളെയും വിദ്യാര്‍ഥികളെയും മത്സ്യകൃഷിയിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ജനകീയ മത്സ്യകൃഷി പദ്ധതിയിലെ 22 ഘടക പദ്ധതികളിലായി 1920 മത്സ്യകര്‍ഷകര്‍ ജില്ലയില്‍ മത്സ്യകൃഷി നടത്തി വരുന്നു. കുളങ്ങളിലെ വനാമി- ചെമ്മീന്‍-കരിമീന്‍ കൃഷി, കല്ലുമ്മക്കായ കൃഷി, കൂടുകളിലെ കരിമീന്‍-തിലാപ്പിയ കൃഷി, ബയോഫ്ലോക്ക് വനാമി- തിലാപ്പിയ കൃഷി, അനാബാസ്/തദ്ദേശീയ മത്സ്യകൃഷി, പടുതയിലെ വരാല്‍-വാള മത്സ്യകൃഷി, കാര്‍പ്പ് മത്സ്യകൃഷി, അര്‍ദ്ധ ഊര്‍ജ്ജിത വരാല്‍-വാള-തിലാപ്പിയ-പാക്കു-അനാബാസ്-തദ്ദേശീയ മത്സ്യകൃഷി, എമ്പാങ്ക്‌മെന്റ് മത്സ്യകൃഷി, പെന്‍ മത്സ്യകൃഷി എന്നിവയാണ് പ്രധാനപ്പെട്ട ഘടക പദ്ധതികള്‍.