പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്ക് കരുത്തേകി കുടുംബശ്രീ കെ-ടിക്

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പുതിയ സംരംഭകരെ കണ്ടെത്തി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആവിഷ്‌ക്കരിച്ച കെ ടിക് പദ്ധതി കണ്ണൂർ ജില്ലയില്‍ ശ്രദ്ധേയമാവുന്നു. കുടുംബശ്രീ ട്രൈബല്‍ എന്റെര്‍പ്രൈസ് ആന്‍ഡ് ഇന്നോവേഷന്‍ സെന്റര്‍ (കെ ടിക്) പദ്ധതിയുടെ ഇന്‍ക്യുബേറ്റര്‍മാരും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരും മൂന്നുഘട്ടങ്ങളിലായി നടത്തിയ പരിശീലന ക്ലാസുകളില്‍ നിന്നും തെരഞ്ഞെടുത്ത 31 സംരംഭകരാണ് ജില്ലയിലുള്ളത്.
ഭക്ഷ്യ സംരംഭങ്ങള്‍, കാര്‍ഷിക പദ്ധതികള്‍, മാലിന്യ നിര്‍മാര്‍ജനം, കേരള ചിക്കന്‍ ഫാം, ക്ഷീര ഫാം, കൂണ്‍ കൃഷി, മൃഗ പരിപാലനം, ചെറുധാന്യ ഉല്‍പന്നങ്ങളുടെ സംരംഭം, തേന്‍ വ്യവസായം, ഡിജിറ്റല്‍ സ്റ്റുഡിയോ, വസ്ത്ര നിര്‍മാണം, ന്യൂട്രി മിക്സ് യൂനിറ്റ്, കമ്മ്യൂണിറ്റി കിച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ കരകൗശല വസ്തുക്കള്‍, എംബ്രോയ്ഡറി, ഗിഫ്റ്റ് ഐറ്റങ്ങള്‍, വന വിഭവങ്ങളുടെ വിപണനം തുടങ്ങിയ സംരംഭങ്ങളാണ് നിലവില്‍ കെ ടിക് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. കുടുംബശ്രീ ജില്ലാ മിഷന്‍ ടീം, കെ ടിക് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ സപെഷ്യല്‍ പരിശീലനം ലഭിച്ചവര്‍ എന്നിവരാണ് സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നത്. സംരംഭകരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം. മൂന്ന് ഇന്‍ക്യുബേറ്റര്‍മാര്‍, ആറ് എം.ഇ.സിമാര്‍, രണ്ട് മെന്റര്‍മാര്‍ എന്നിവര്‍ ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്യും.
കെ ടിക് പദ്ധതിയിലൂടെ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുറമേ ജില്ലയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുടെ പ്രവര്‍ത്തന രീതിയും വിപണനവും പഠിക്കാനും സന്ദര്‍ശിക്കാനുമുള്ള അവസരവും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരുക്കുന്നുണ്ട്. പുത്തന്‍ ആശയങ്ങളിലുള്ള സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും കുടുംബശ്രീ നല്‍കും. ചക്ക വിഭവങ്ങളില്‍ നിന്നും പുതിയ ഭക്ഷ്യ വിഭവങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ്, ചക്ക ബിരിയാണി, മില്ലറ്റ് ബിരിയാണി തുടങ്ങിയ നൂതന സംരംഭങ്ങള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെ ടിക്. സംസ്ഥാനത്ത് ഇതുവരെ 800 സംരംഭകരെ വാര്‍ത്തെടുക്കാന്‍ കെ ടിക് പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.