നരിക്കോട്ടുമല അംബേദ്ക്കർ സെറ്റിൽമെൻ്റ് പദ്ധതി; മോണിറ്ററിങ്ങ് കമ്മിറ്റി യോഗം ചേർന്നു

post

നരിക്കോട്ടുമല അംബേദ്ക്കർ സെറ്റിൽമെൻ്റ് പദ്ധതിയുടെ മോണിറ്ററിങ്ങ് കമ്മിറ്റി യോഗം ചേർന്നു. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ നരിക്കോട്ടുമലയില്‍ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം മൂന്ന് റോഡുകള്‍ നിര്‍മ്മിക്കുന്നതിനും എട്ടു വീടുകള്‍ നവീകരിക്കുന്നതിനും മോണിറ്ററിങ്ങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് ഭരണസമിതി ഹാളില്‍ ചേര്‍ന്ന യോഗം കെ.പി.മോഹനന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വീട് നവീകരണത്തിനായുള്ള ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേര്‍ത്ത് പദ്ധതി വിശദീകരിക്കണമെന്ന് എം.എല്‍.എ. നിര്‍ദേശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സക്കീന തെക്കയില്‍ അധ്യക്ഷത വഹിച്ചു.

ആനക്കുഴി- നരിക്കോട്ട് മല ഭാഗം റോഡ് (21,43,889 രൂപ), വാര്‍ക്ക പീടിക - തയ്യില്‍ ഭഗവതി ക്ഷേത്രം റോഡ് (11, 25,700), തയ്യില്‍ പട്ട്യത്ത് മുക്ക് - വളപ്പ് റോഡ് (27,63,995) എന്നിവയാണ് പദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന റോഡുകള്‍. തയ്യില്‍ ഭാഗത്തെ കുടിവെള്ള ടാങ്ക് പുനര്‍നിര്‍മാണത്തിന് 7,51,317 രൂപയും എട്ട് വീടുകളുടെ നവീകരണത്തിന് 19,93000 രൂപയും ചെലവഴിക്കും. മോണിറ്ററിങ് കമ്മിറ്റി യോഗം അംഗീകരിച്ച അഞ്ചു പ്രവൃത്തികള്‍ ഭരണാനുമതിക്കായി സമര്‍പ്പിക്കും. കെ.പി.മോഹനന്‍ എം.എല്‍.എ യുടെ ശുപാര്‍ശ പ്രകാരം 2023-24 സാമ്പത്തികവര്‍ഷമാണ് പദ്ധതിക്കായി ഒരുകോടി രൂപ അനുവദിച്ചത്. 2024 സെപ്റ്റംബറില്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഊരുകൂട്ടം ചേര്‍ന്ന് നിര്‍ദ്ദേശിച്ച പദ്ധതികളാണ് മുന്‍ഗണനാക്രമത്തില്‍ നടപ്പിലാക്കുന്നത്. 80 വീടുകളിലായി 85 കുടുംബങ്ങളിലെ 272 പേരാണ് ഈ സങ്കേതത്തില്‍ താമസിക്കുന്നത്.

യോഗത്തില്‍ കൂത്തുപറമ്പ് ബ്ലോക്ക് ട്രൈബല്‍ ഓഫീസര്‍ പി.വിജീഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.പി.നാണു, വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍, ടി.കെ.ശങ്കരന്‍ മാസ്റ്റര്‍, എ.കെ.ഭാസ്‌കരന്‍, പഞ്ചായത്ത് സെക്രട്ടറി വി.വി.പ്രസാദ്, അസി.എന്‍ജിനീയര്‍ പി.സന്തോഷ്, കണ്ണൂര്‍ ഐടിഡിപി ജൂനീയര്‍ സൂപ്രണ്ട് പി.വി.ഗിരിജ, അസി.എന്‍ജീനീയര്‍ പി.എം.മിനിത, ഓവര്‍സിയര്‍ വി.പ്രവീണ, പ്രമോട്ടര്‍മാരായ സി.സീന, വി.പി.വിജിഷ എന്നിവര്‍ സംസാരിച്ചു.