ചിറപ്പ് മഹോത്സവം: ആചാര പ്രകാരമുള്ള ചടങ്ങുകള്‍ മാത്രം
 
                                                വഴിയോരക്കച്ചവടം, അന്നദാനം, അലങ്കാരഗോപുരങ്ങള്‍ ഒഴിവാക്കും
ആലപ്പുഴ: മുല്ലയ്ക്കല്‍ , കിടങ്ങാംപറമ്പ് ക്ഷേത്രങ്ങളിലെ ചിറപ്പ് മഹോത്സവം 50 പേരെ മാത്രം ഉള്‍ക്കൊളളിച്ച് പരമാവധി നിയന്ത്രണങ്ങള്‍ പാലിച്ച് ആചാര പ്രകാരമുള്ള ചടങ്ങുകള്‍ മാത്രമാക്കാന്‍ തീരുമാനം. ചിറപ്പ് മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എ അലക്സാണ്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ഇതരസ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തരുത്. 
ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം കൊണ്ടു വരുമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് മഹോത്സവം നടത്തുന്നതിന് പൂര്‍ണമായ സഹകരണ ജില്ലാ ഭരണകൂടത്തിന് നല്കുമെന്നും യോഗത്തില്‍ പങ്കെടുത്ത മുല്ലയ്ക്കല്‍, കിടങ്ങാംപറമ്പ് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
ഉത്സവത്തോടനുബന്ധിച്ചുള്ള അന്നദാനവും ഒഴിവാക്കും. ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിനകത്തും പരിസരപ്രദേശങ്ങളിലുമുള്ള കലാപരിപാടികളും ആഘോഷങ്ങളും നിരോധിച്ചു. ഉത്സവവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളില്‍ അലങ്കാര ഗോപുരങ്ങള്‍ നിര്‍മിക്കാന്‍ പാടില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു. 
നാട്ടാന പരിപാലന നിയമ പ്രകാരം ഫോറസ്റ്റ് വകുപ്പിന്റെ അനുമതിയോടെ ഒരു ആനയെ ചടങ്ങുകള്‍ക്ക് എഴുന്നെള്ളിക്കാം. എന്നാല്‍ ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് ആനയെ എഴുന്നെള്ളിക്കാന്‍ പാടില്ല. ക്ഷേത്രത്തില്‍ എത്തിച്ചേരുന്നവരുടെ പേരുവിവരങ്ങളും മറ്റും രജിസ്റ്ററുകളില്‍ രേഖപ്പെടുത്തും. താത്ക്കാലിക കച്ചവടങ്ങള്‍, വഴിയോര കച്ചവടങ്ങള്‍ എന്നിവ നിരോധിച്ചു. ഇപ്രകാരമുള്ള കടകളുടെ ലേലം പൂര്‍ണ്ണമായും ഈ വര്‍ഷം ഒഴിവാക്കും. താത്ക്കാലിക വഴിയോരകച്ചവടം ഉണ്ടെങ്കില്‍ അവ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലീസ്, ആലപ്പുഴ മുനിസിപ്പാലിറ്റി സെക്രട്ടറി, പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എന്നിവരെ ചുമതലപ്പെടുത്തി. 
സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണമെന്നം ആവശ്യമായ സാനിറ്റൈസര്‍ ഭക്തജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും യോഗം നിര്‍ദേശിച്ചു.
16മുതല്‍ 26 വരെയുള്ള തീയതികളില്‍ പോലീസ് - റവന്യു വകുപ്പുകളുടെ സ്‌ക്വാഡുകള്‍ ഈ പ്രദേശത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. സബ്കളക്ടര്‍ എസ്.ഇലക്യ,  ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ മോബി.ജെ, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടര്‍ ആശാ.സി.എബ്രഹാം, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എന്‍.ആര്‍.ജയരാജ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് എം.ജി. സാബു, ഡിഎംഒ ഡോ അനിതകുമാരി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ മോളമ്മ തോമസ്, ഷാനി.എ, ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി കെ കെ മനോജ്,  കിടങ്ങാംപറമ്പ് ക്ഷേത്രഭാരവാഹികളായ  .പി.രാജേന്ദ്രന്‍, കെ.എസ്.ഷാജി , മുല്ലയ്ക്കല്‍ ദേവസ്വം ഉപദേശക സമിതി അംഗങ്ങളായ വെങ്കിടേഷ് കുമാര്‍, ജി.വിനോദ് കുമാര്‍, മുല്ലയ്ക്കല്‍ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ എസ് എസ്.ഗോവിന്ദന്‍ പോറ്റി എന്നിവര്‍ പങ്കെടുത്തു. 










