തീര്‍ഥാടകരുടെ ദാഹമകറ്റാന്‍ ഔഷധ കുടിവെള്ള വിതരണം

post

പത്തനംതിട്ട :  ശബരിമലയില്‍ ദര്‍ശനത്തിനായി മലകയറുന്ന തീര്‍ഥാടകരുടെ ദാഹമകറ്റാന്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഔഷധ കുടിവെള്ളം ( ചുക്കുവെള്ളം) വിതരണം നടത്തുന്നു. പമ്പ, ചരല്‍മേട്, ജ്യോതിനഗര്‍, മാളികപ്പുറം എന്നിവിടങ്ങളിലാണ് ഔഷധ കുടിവെള്ളം തീര്‍ഥാടകര്‍ക്കായി വിതരണം ചെയ്യുന്നത്. കോവിഡ് മുന്‍ കരുതലിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് പേപ്പര്‍ ഡിസ്‌പോസിബിള്‍ ഗ്ലാസിലാണ് ഔഷധ കുടിവെള്ളം നല്‍കുന്നത്. ഉപയോഗിച്ച പേപ്പര്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ് പ്രത്യേക ശേഖരണിയിലാക്കി സംസ്‌ക്കരിക്കുന്നു.

പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ തീര്‍ഥാടകര്‍ 200 രൂപ ഡിപ്പോസിറ്റ് നല്‍കിയാല്‍ ഔഷധ കുടിവെള്ളം ശേഖരിക്കുന്നതിനായി സ്റ്റീല്‍ കുപ്പി നല്‍കും. ദര്‍ശനം കഴിഞ്ഞ് തിരിച്ച് സ്റ്റീല്‍ കുപ്പി പമ്പയിലെ കൗണ്ടറില്‍  തിരിച്ച് നല്‍കുമ്പോള്‍ ഡിപ്പോസിറ്റായി വാങ്ങുന്ന  200 രൂപ മടക്കി നല്‍കും. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് ചൂടാക്കിയാണ്  ഔഷധ കുടിവെള്ളം തയാറാക്കുന്നത്. വിതരണ കേന്ദ്രങ്ങളില്‍ തന്നെയാണ് ഔഷധ കുടിവെള്ളം തയാറാക്കുന്നത്.

ഔഷധ കുടിവെള്ള കേന്ദ്രങ്ങളില്‍ വിതരണം നടത്തുന്നവര്‍ മാസ്‌ക്ക്, മുഖഷീല്‍ഡ്, കൈയുറ എന്നിവ ധരിച്ചിട്ടുണ്ട്. നാല് ഔഷധ കുടിവെള്ള കേന്ദ്രങ്ങളില്‍ ഒരു ഷിഫ്റ്റില്‍ മൂന്നു മുതല്‍ നാല് ജീവനക്കാരാണ് സേവനത്തിലുള്ളത്. ആകെ 55 താല്‍ക്കാലിക ജീവനക്കാരാണ് ഔഷധ കുടിവെള്ള വിതരണ വിഭാഗത്തിലുള്ളത്. ഔഷധ കുടിവെള്ളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ ചുമതല ധനു. എസ് കൃഷ്ണനാണ്.