വായന പക്ഷാചരണത്തിന് സമാപനം

യുവതലമുറയെ ആകർഷിക്കാൻ ഗ്രന്ഥശാലകൾക്ക് കഴിയണം: മന്ത്രി സജി ചെറിയാൻ
സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മാറുന്ന കാലത്തിന് അനുസരിച്ച് യുവതലമുറയെ ആകർഷിക്കാൻ ഗ്രന്ഥശാലകൾക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ യുഗത്തിൽ വായനശാലകളുടെ പ്രാധാന്യം കുറയുന്നില്ല. വ്യാജ വാർത്ത മനസിലാക്കാൻ വായനയിലൂടെയുള്ള അറിവ് സഹായിക്കും. വ്യക്തിപരമായ വളർച്ചയ്ക്ക് വായന ആവശ്യമാണ്. വസ്തുതപരമായ കാര്യങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്താൻ ഗ്രന്ഥശാലയ്ക്കാകണം. മതസ്പർധ, വിദ്വേഷം, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവ സമൂഹത്തിൽ പടർത്താൻ ബോധപൂർവ ശ്രമമുണ്ട്. ഇതിനെതിരെ ചെറുത്ത് നിൽക്കാൻ ഗ്രന്ഥശാലകൾ പോലുള്ള പ്രസ്ഥാനങ്ങൾക്കാകും. ജനങ്ങളെ വായനയിലൂടെ പ്രബുദ്ധരാക്കണം. 'ജാനകി' എന്ന സിനിമ പേര് പോലും അംഗീകരിക്കാൻ ഭരണകൂടം തയ്യാറാകുന്നില്ല. കുട്ടികളിലെ മാനസിക- ശാരീരിക വളർച്ചയ്ക്ക് നടപ്പാക്കിയ സുംബ ഡാൻസിനെ പോലും ചിലർ വിമർശിക്കുന്നു. എന്നാൽ കേരളമായത് കൊണ്ടും ഇതൊന്നും വിലപോകുന്നില്ല. എങ്കിലും ഇതെല്ലാം ചർച്ച ചെയ്യാൻ സമൂഹം തയ്യാറാകണം.
സംസ്ഥാനത്തെ സാംസ്‌കാരിക രംഗത്ത് ലൈബ്രറി കൗൺസിൽ ചെലുത്തിയ സ്വാധീനം വിലമതിക്കാനാകാത്തതാണെന്ന് മന്ത്രി പറഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മഹനീയ നേതാക്കളായ പി എൻ പണിക്കരും ഐ വി ദാസും സമൂഹത്തെ നിരക്ഷരതയുടെ ഇരുളിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തി. സാധാരണക്കാർക്ക് അറിവേകാൻ ഗ്രാമങ്ങളിൽ ഗ്രന്ഥാശാലകൾ സ്ഥാപിച്ചു. സാംസ്‌കാരിക വളർച്ച ഉറപ്പാക്കി. സാക്ഷരതയുള്ള പ്രബുദ്ധ സമൂഹത്തെ പുരോഗമനപരമായ മാറ്റത്തിലൂടെ വളർത്തിയെടുത്തു. കേരളത്തിൽ വലിയ വായനാ സമൂഹം സൃഷ്ടിച്ചു. ഓരോ വ്യക്തിയേയും അറിവിന്റെ ലോകത്ത് എത്തിച്ചു.
ഫിഷറീസ് വകുപ്പിന്റെ 'പ്രതിഭാതീരം' പദ്ധതി കൂടുതൽ വ്യാപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തീരദേശത്തെ വായനശാലകളിൽ അത്യാധുനിക സൗകര്യങ്ങൾ ഉറപ്പാക്കി മൽസ്യത്തൊഴിലാളികളുടെ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സ്‌കൂൾ പ്രവേശനോത്സവ ഗാനം രചിച്ച ഭദ്ര ഹരിയെ ചടങ്ങിൽ അനുമോദിച്ചു. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ. വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൻ അഡ്വ. റ്റി. സക്കീർ ഹുസൈൻ, സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ പി ജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി കൃഷ്ണകുമാർ, പുരോഗമനകലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി ആനന്ദൻ എന്നിവർ പങ്കെടുത്തു.