തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം; പൊതുയോഗം ചേരുന്ന സ്ഥലവും സമയവും പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം

post

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്നു. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ എര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകത്തക്കവിധം യോഗങ്ങള്‍ നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

മറ്റു കക്ഷികളുടെ യോഗങ്ങളും ജാഥകളും തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുകയോ അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ പോലീസ് സഹായം തേടേണ്ടതാണ്. ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖ വിതരണം ചെയ്‌തോ നേരിട്ടോ രേഖാമൂലമായോ ചോദ്യങ്ങള്‍ ഉന്നയിച്ചോ മറ്റൊരു രാഷ്ടീയ കക്ഷി സംഘടിപ്പിക്കുന്ന പൊതു യോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തു കൂടി മറ്റൊരു കക്ഷിജാഥ നടത്തുവാന്‍ പാടില്ല. ഒരു കക്ഷിയുടെ ചുവര്‍ പരസ്യങ്ങള്‍ മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.

യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ല എന്ന് രാഷ്ട്രീയകക്ഷിയോ സ്ഥാനാര്‍ത്ഥിയോ ഉറപ്പുവരുത്തേണ്ടതാണ്. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കേണ്ടതുമാണ്. ഇവയില്‍ നിന്ന് ഒഴിവാക്കപ്പെടണമെങ്കില്‍ അതിനായി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടിത്തന്നെ അപേക്ഷിച്ച് അനുമതി നേടേണ്ടതാണ്.

പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നു മാസംവരെ തടവോ ആയിരം രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. (കേരള പഞ്ചായത്ത് രാജ് ആക്ട് 123ാം വകുപ്പ്/ കേരള മുനിസിപ്പാലിറ്റി ആക്ട് 147ാം വകുപ്പ്). തിരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി മുതല്‍ തിരഞ്ഞെടുപ്പ് നടത്തപ്പെടുന്ന തീയതി വരെ ആ നിയോജകമണ്ഡലത്തിലോ വാര്‍ഡിലോ നടത്തപ്പെടുന്ന രാഷ്ട്രീയ സ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇതു ബാധകമാണ്.

യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റു സൗകര്യമോ ഉപയോഗിക്കുന്നതിന് അനു വാദം ലഭിക്കേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ കാലേകൂട്ടി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുവാദം വാങ്ങേണ്ടതാണ്.

സര്‍ക്കാരിന്റേയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള ഹാളുകളില്‍ യോഗങ്ങള്‍ നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ അപ്രകാരം യോഗങ്ങള്‍ നടത്തുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കേണ്ടതാണ്. ഇത്തരം യോഗങ്ങള്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ അവിടെ സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പ്രചരണ സാമഗ്രികളും സംഘാടകര്‍ നീക്കം ചെയ്യേണ്ടതാണ്.