തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

post

ആലപ്പുഴ: അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ആദ്യഘട്ട ജില്ലാതല സ്റ്റാന്റഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടര്‍ എ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളിലാണ് യോഗം ചേര്‍ന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പടെയുള്ളവ നടത്താനെന്ന് ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ ആറ് മുനിസിപ്പാലിറ്റികളിലായി 282 പോളിംഗ് സ്റ്റേഷനുകളും 72 ഗ്രാമപഞ്ചായത്തുകളിലായി 1989 പോളിംഗ് സ്റ്റേഷനുകളുമാണ് നിലവിലുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 1000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കാനായി 2000 രൂപയും, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാനായി 3,000 രൂപയും നാമനിര്‍ദ്ദേശ പത്രികയിക്കൊപ്പം നല്‍കണം. 

പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നിശ്ചിത തുകയുടെ 50 ശതമാനം നല്‍കിയാല്‍ മതി. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി ഗ്രാമപഞ്ചായത്തിലേക്ക് 25000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിലേക്ക് 75000 രൂപയും ജില്ലാ പഞ്ചായത്തിലേക്ക് 1,50,000 രൂപയും തെരഞ്ഞെടുപ്പിനായി ചെലവാക്കാം. വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഡിസംബര്‍ 2ന് നടത്തും. ഡിസംബര്‍ 08ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് മാത്രമേ വരണാധികാരിയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ പാടുള്ളൂ. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബര്‍ 12ന് നടക്കും. നവംബര്‍ 19വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. അവധി ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. നവംബര്‍ 20ന് നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടത്തും. നവംബര്‍ 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. ഡിസംബര്‍ 16ന് രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 2021 ജനുവരി 14നകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് മുന്നില്‍ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണം. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി എസ് സ്വര്‍ണ്ണമ്മ, ഇലക്ഷന്‍ സൂപ്രണ്ട് എസ് അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.