തദ്ദേശ തിരഞ്ഞെടുപ്പ് 2020: മാതൃകാ പെരുമാറ്റച്ചട്ടം

post

പൊതുവായ പെരുമാറ്റം

1. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

2. മറ്റു രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അത് അവരുടെ നയം, പരിപാടികള്‍, പൂര്‍വ്വകാല ചരിത്രം, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മാത്രമായി ഒതുക്കി നിര്‍ത്തേണ്ടതാണ്. മറ്റു കക്ഷികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാന രഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റ് കക്ഷികളെയും അവയിലെ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

3. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു തേടാന്‍ പാടില്ല. മോസ്‌കുകള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാ സ്ഥലങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്.

4. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയ്‌ക്കോ സമ്മതിദായകനോ അവര്‍ക്ക് താത്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം, ജാതി ഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത്.

5. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, മുനിസിപ്പാലിറ്റിയുടെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളിലും പഞ്ചായത്തിന്റെ കാര്യത്തില്‍ 200 മീറ്ററിനുള്ളിലും വോട്ടുതേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ച സമയത്തിന് തൊട്ടുമുന്‍പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിംഗ് സ്റ്റേഷനിലേയ്ക്കും തിരിച്ചും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളാണ്.

6. ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റുചെയ്യുക തുടങ്ങിയ രീതികള്‍ ഒരു കാരണവശാലും അവലംബിക്കരുത്.

 7. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളെ അനുവദിക്കാന്‍ പാടില്ല.

8. സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങളും ബോര്‍ഡുകളും മറ്റ് പ്രചരണോപാധികളും സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കില്‍ അവിടെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം. ഏതെങ്കിലും പ്രത്യേക കക്ഷിക്കോ സ്ഥാനാര്‍ത്ഥിയ്‌ക്കോ മാത്രമായി ഒരു പൊതുസ്ഥലവും നീക്കിവെച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഉറപ്പു വരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചരണ സാമഗ്രികള്‍ (കൊടി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാന്‍ പാടില്ല. പരസ്യങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

9. രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയതായോ പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കേണ്ടതാണ്. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ നീക്കം ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കുകയും അതിനുവേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കുകയും ചെയ്യേണ്ടതാണ്.

10. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.