ഇടുക്കി സംസ്‌കാരങ്ങളുടെ സംഗമ സ്ഥാനം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

post

ജില്ലാ പൈതൃക മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിച്ചു

ഇടുക്കി: സംസ്‌കാരങ്ങളുടെ സംഗമ സ്ഥാനമാണ് ഇടുക്കി ജില്ലയെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ബഹുത്വവും വൈവിധ്യവുമായ സംസ്‌കാരവുമായി ആയിരത്താണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന്  ധാരാളം തെളിവുകളും ഇടുക്കിയിലുണ്ട്. മറയൂരിലും  കാന്തല്ലൂരിലുമായി പതിനഞ്ചോളം ഗുഹാ സങ്കേതങ്ങള്‍ സംസ്ഥാന പുരാവസ്തുവകുപ്പ് ജില്ലയില്‍ നിന്ന് കണ്ടെത്തുകയും ഡോക്യുമെന്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. സംസ്‌ക്കാരവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചിത്രങ്ങള്‍ സംരക്ഷിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള അത്തരം സ്മാരകങ്ങള്‍ ഏറ്റവും അധികം ഇടുക്കിയിലാണ് ഉള്ളതെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

പൈനാവ് ജില്ലാ പൈതൃക മ്യൂസിയം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഓണ്‍ലൈനായി സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യ പ്രഭാഷണവും   മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ടും  അവതരിപ്പിച്ചു.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ജലാലുദ്ദീന്‍, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ഗ്രാമപഞ്ചായത്തംഗം അമ്മിണി ജോസ്, പുരാരേഖ വകുപ്പ് ഡയറക്ടര്‍ രജികുമാര്‍ ജെ, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ എസ് അബു, കണ്‍സര്‍വേഷന്‍ ഓഫീസര്‍ എസ് ജെയ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാ പൈതൃകം മ്യൂസിയം

കേരളത്തിലെ എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുവാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ പൈനാവില്‍ പുരാവസ്തു വകുപ്പിന് കൈമാറിയ ജില്ലാ പഞ്ചായത്ത് വക കെട്ടിടത്തില്‍ പൈതൃക മ്യൂസിയം ഒരുക്കുന്നതിന് തയ്യാറാക്കിയ വിശദമായ പദ്ധതി രേഖയ്ക്ക് സര്‍ക്കാര്‍ അനുമതി ലഭിക്കുകയും 2016ല്‍ പദ്ധതി നിര്‍മ്മാണ ഉദ്ഘാടനം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കുകയും ചെയ്തു. 

ഇടുക്കിയുടെ സമൃദ്ധവും വൈവിധ്യഭരിതവുമായ പൈതൃകങ്ങള്‍ ഭാവി തലമുറയ്ക്കായി സജ്ജീകരിച്ചു സൂക്ഷിക്കാനുള്ള ഇടമെന്ന നിലയിലാണ് പുരാവസ്തു വകുപ്പ് ജില്ലാ പൈതൃക മ്യൂസിയം വിഭാവനം ചെയ്തത്. പത്ത് ഗാലറികളിലായി ആദിമകാലം മുതല്‍ ആധുനികകാലം വരെയുള്ള ഇടുക്കിയുടെ കഥ പറയുന്ന ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും  ഈടുവെപ്പുകള്‍ സമഗ്രമായി ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ അറ്റകുറ്റ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുകയും കെട്ടിടത്തിനു ചുറ്റും ആവശ്യമായ മതില്‍ക്കെട്ടുകളും മറ്റും പണിയുകയും ചെയ്തു. മ്യൂസിയം സജ്ജീകരിക്കാന്‍ ആവശ്യമായ വിധത്തില്‍ ഈ കെട്ടിടത്തെ മാറ്റിത്തീര്‍ത്തതിനെ തുടര്‍ന്ന് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വസ്തുക്കള്‍ പുരാവസ്തുവകുപ്പ് ശേഖരിച്ചു. മുരിക്കാശ്ശേരി പാവനാത്മ കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇടുക്കിയിലെ വിവിധ മേഖലകളിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥരും ഈ ശേഖരണ യജ്ഞത്തില്‍ പങ്കെടുത്തു. പീച്ച് ഫൌണ്ടേഷന്‍, ആര്‍ടിഎഫ്, ബ്യൂഗിള്‍ ബീസ്, എബിഎസ്, അഗസ്ത്യ എന്നീ അഞ്ചു ഏജന്‍സികളാണ് മ്യൂസിയം സജ്ജീകരണത്തിന് സഹകരിച്ചത്.

പദ്ധതി ഒന്നാം ഘട്ടം

രണ്ടുകോടി അറുപത്തിനാല് ലക്ഷത്തി നാല്പത്തിരണ്ടായിരത്തി എഴുന്നൂറ്റി മൂന്നു രൂപയുടെ ഭരണാനുമതി ലഭിച്ച ജില്ലാ പൈതൃക മ്യൂസിയം സര്‍ക്കാരിന്റെ മ്യൂസിയം സജ്ജീകരണങ്ങളോടെ നോഡല്‍ ഏജന്‍സിയായ കേരള മ്യൂസിയം വഴിയാണ് നടപ്പിലാക്കിയത്. പത്ത് ഗാലറികളിലായി ഇടുക്കി ചരിത്രാതിത കാലം, ഇടുക്കിയിലെ കുടിയേറ്റ ജീവിതം, ചരിത്രത്തിലെ ഇടുക്കി, തോട്ടങ്ങളും തൊഴിലാളി ജീവിതങ്ങളും സഞ്ചാരികളുടെ ഇടുക്കി, ഗോത്ര വര്‍ഗ ജീവിതം ഇടുക്കിയില്‍ ഇടുക്കിയിലെ ഗോത്ര വര്‍ഗ്ഗങ്ങള്‍, തുടങ്ങി ഇടുക്കി ജില്ലയുടെ സംഭവബഹുലമായ ചരിത്രമാണ് ഈ മ്യൂസിയം പറയുന്നത്.  

രണ്ടാം ഘട്ടം

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന 360 ഡിഗ്രി റിവോള്‍വിങ് ഗാലറി രണ്ടാം ഘട്ട പദ്ധതിയുടെ പ്രത്യേക ആകര്‍ഷണമാണ്. നീലക്കുറിഞ്ഞി മലകള്‍, ആര്‍ച്ച് ഡാം, മഞ്ഞുമൂടിയ താഴ്‌വരകള്‍, തേയിലത്തോട്ടങ്ങള്‍, മഴ, മേഘം, കാറ്റ് എന്നിവ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സന്ദര്‍ശകന് അനുഭവവേദ്യമാക്കുന്നു. അംഗപരിമിതര്‍ക്കായുള്ള റാമ്പുകള്‍, നടപ്പാതകള്‍, ഓഡിറ്റോറിയം, മ്യൂസിയം ഷോപ്പ്, മ്യൂസിയം കഫെ, ജനറേറ്റര്‍, ആംഫി തിയേറ്റര്‍, പാര്‍ക്കിങ് ഏരിയ, എന്നിവയും രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമാണ്. ഇവയ്ക്കായുള്ള സ്ഥല സൗകര്യങ്ങള്‍ ഒന്നാംഘട്ട പദ്ധതിയില്‍ ഒരുക്കിയിട്ടുണ്ട്.

പ്രവേശനം

2020 ഡിസംബര്‍ 31 വരെ സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. തുടര്‍ന്ന് പൊതു ജനങ്ങള്‍ക്ക്  ബുദ്ധിമുട്ട് ആവാതെ മിതമായ നിരക്കില്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സന്ദര്‍ശന സമയം. തിങ്കളാഴ്ചയും ദേശീയ അവധി ദിവസങ്ങളിലും മ്യൂസിയയത്തില്‍ സന്ദര്‍ശനം ഉണ്ടാവില്ല.