നവീകരിച്ച വടതോട് കുളം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

post

പാലക്കാട് : പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വടതോട് കുളത്തിന്റെ ഉദ്ഘാടനം കൃഷി, മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍  ഉദ്ഘടാനം ചെയ്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍  ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കാര്‍ഷിക മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുകയും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കുകയും ചെയ്തു. കേരളത്തിലാദ്യമായി വയനാട് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആരംഭിക്കാന്‍ പോവുന്നതായും മന്ത്രി പറഞ്ഞു.

കൃഷിയും അതിനോടനുബന്ധിച്ച് വരുന്ന പരിസ്ഥിതിയും കൂടെ ചേരുന്നതാണ് കാര്‍ഷികമേഖല. കൃഷി ഇല്ലാതായതോടെ അതിനോടനുബന്ധിച്ചുള്ള തണ്ണീര്‍തടങ്ങള്‍, നീര്‍ച്ചാലുകള്‍, കുളങ്ങള്‍ എല്ലാം തന്നെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ നെല്‍കൃഷിതിരിച്ചു വരാന്‍ തുടങ്ങിയപ്പോള്‍ ഇതെല്ലാം തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.   സമീപ കാലത്തൊന്നും നടക്കാത്ത പ്രവര്‍ത്തനങ്ങളാണ് മണ്ണ്‌സംരക്ഷണ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. 2016 ല്‍ പച്ചക്കറി ഉത്പാദനം  6.28 ലക്ഷം ടണ്ണായിരുന്നെങ്കില്‍ 2020 ല്‍ അത് 14.77 ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.  നെല്ലുല്‍പാദനം 2016 ല്‍  6.2 ലക്ഷം ടണ്‍ ആയിരുന്നത്  ഇന്ന്  എട്ട് ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ സാധിച്ചു . എല്ലാ മേഖലയിലും ഉല്‍പാദന വര്‍ധനവ് ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.  കാര്‍ഷിക മേഖലയുടെ വികസനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്.  വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമാണ് കാര്‍ഷികമേഖലയെ കൂടുതല്‍ മുന്നോട്ടു നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

'പാലക്കാട് വരള്‍ച്ചാ നിവാരണം കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെ' എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് വടതോട്, ഒറവ്, പെരുമ്പാടി കൂവല, കരിപ്പാലി പാടശേഖരങ്ങളുടെ തലക്കുളമായ വടതോട് കുളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 49,18000 രൂപയാണ് ചെലവഴിച്ചത്. കുളത്തില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും പൂര്‍ണമായും നീക്കംചെയ്ത് മൂന്ന് മീറ്ററോളം ആഴം കൂട്ടി, വശങ്ങളില്‍ കരിങ്കല്ല് ഉപയോഗിച്ച് പാര്‍ശ്വഭിത്തി, ജനങ്ങള്‍ക്ക് കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കായി പടവുകള്‍, റാമ്പ് എന്നിവ നിര്‍മ്മിച്ചു. കുളം നവീകരണത്തിലൂടെ ഏകദേശം 119.67 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കപ്പെടുന്നതിനും വേനല്‍ക്കാലത്ത് മൂലത്തറ മെയിന്‍ കനാലില്‍ നിന്നുള്ള വെള്ളം സംഭരിക്കുന്നതിനും സമീപപ്രദേശത്തെ 222 ഹെക്ടറോളം വരുന്ന വിവിധയിനം കൃഷികള്‍ക്ക് ഉപയോഗിക്കുന്നതിനും  സാധിക്കും.      

കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് കുളത്തിന് പരിസരത്ത്  നടന്ന പ്രാദേശിക പരിപാടിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയശ്രീ, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍, മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ സുബ്രഹ്മണ്യന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.