നെതര്‍ലന്‍ഡ് സഹായത്തോടെ വയനാട്ടില്‍ മികവിന്റെ കേന്ദ്രം

post

തിരുവനന്തപുരം: പച്ചക്കറികളുടേയും പുഷ്പ വിളകളുടേയും ഹൈടെക് കൃഷി-സാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്നതിന് നെതര്‍ലന്‍ഡ് സഹായത്തോടെ വയനാട് ജില്ലയില്‍ സ്ഥാപിക്കുന്ന മികവിന്റെ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയിലെ അമ്പലവയലിലുള്ള പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ക്യാമ്പസിലാണ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

പച്ചക്കറി, പുഷ്പകൃഷിയിലെ മികച്ച സാങ്കേതിക വിദ്യകള്‍ നെതര്‍ലന്‍ഡില്‍ നിന്ന് നാട്ടിലെത്തിച്ച് ഇവിടത്തെ കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നത് കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുഭിക്ഷ കേരളം പോലെ കാര്‍ഷിക സ്വയംപര്യാപ്തത നേടാന്‍ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഈ ഘട്ടത്തില്‍ സംസ്ഥാനത്തിന് ഇത് വലിയ മുതല്‍ക്കൂട്ടാകും.

വയനാടിന്റെ കാലാവസ്ഥയും സാങ്കേതിക വശവും പരിഗണിച്ച് കാപ്‌സിക്കം, തക്കാളി, വെള്ളരി തുടങ്ങിയ പച്ചക്കറികളും ക്രെസാന്തമം, ജെര്‍ബറ തുടങ്ങിയ പുഷ്പവിളകളും ഇവിടെ കൃഷി ചെയ്യും. പച്ചക്കറി, പുഷ്പവിളകളുടെ വാണിജ്യ ഉത്പാദനത്തിനുള്ള മാതൃകാ പോളി ഹൗസുകള്‍, നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തിനുള്ള നഴ്‌സറികള്‍, തുറസായ സ്ഥലത്തെ കൃത്യതാ കൃഷി, തോട്ടങ്ങള്‍, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി സെന്റര്‍, പച്ചക്കറി, സസ്യഫല വിപണനത്തിനുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍, കര്‍ഷകര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലന കേന്ദ്രം, ടിഷ്യുകള്‍ച്ചര്‍ ഉത്പാദന കേന്ദ്രം എന്നിവ പുതിയ കേന്ദ്രത്തിന്റെ ഭാഗമായുണ്ടാവും.

കേന്ദ്ര കൃഷി മന്ത്രാലയത്തിനുകീഴിലുള്ള മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ (എംഐഡിഎച്ച്) പദ്ധതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് പദ്ധതിയുടെയും സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പിന്റെ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് കീഴിലാണ് സെന്റര്‍ സ്ഥാപിക്കുന്നത്. 13 കോടി രൂപ ചെലവുള്ള പദ്ധതിയില്‍ 7.04 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ എം ഐ ഡി എച്ച് പദ്ധതി പ്രകാരവും നാലു കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് പദ്ധതി പ്രകാരവുമാണ് വകയിരുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.