നവീകരിച്ച ചരിത്ര പൊതുകിണര്‍ മന്ത്രി എ. കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു

post

പാലക്കാട്: അയിത്തോച്ചാടനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി അധഃകൃത ജനവിഭാഗം  നടത്തിയ പോരാട്ടവും ചരിത്രവുമാണ് നൊച്ചുള്ളി ഹരിജന്‍ നായാടി കോളനിയിലെ പൊതുകിണറിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നതെന്നു പട്ടികജാതി, പട്ടികവര്‍ഗ്ഗ, നിയമ, സാംസ്‌ക്കാരിക, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ. കെ. ബാലന്‍. കോളനിയിലെ നവീകരിച്ച ചരിത്ര പൊതുകിണര്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗാന്ധിജിയുടെ കേരളസന്ദര്‍ശന ചരിത്രങ്ങള്‍ മികവുറ്റവരീതിയില്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവഗണിക്കപ്പെട്ടു കിടന്ന ശബരി ആശ്രമത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അഞ്ചു കോടിരൂപയുടെ പദ്ധതിയില്‍ 2 കോടി 60 ലക്ഷം രൂപയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ശബരി ആശ്രമത്തില്‍ നടക്കുന്നത്. അധഃകൃത ജനതയുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ച നൊച്ചുള്ളി ബാലകൃഷ്ണന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മന്ത്രി അനുസ്മരിച്ചു.

1934 ല്‍ ഗാന്ധിജി കേരളം സന്ദര്‍ശിച്ചപ്പോള്‍ നായാടി വിഭാഗത്തിലുള്ള ജനങ്ങള്‍ അദ്ദേഹത്തെ നേരില്‍ കണ്ട് പൊതു കിണറുകളില്‍ നിന്നും കുടിവെള്ളം എടുക്കാന്‍ അനുവാദമില്ലാത്തത്  സംബന്ധിച്ച് പരാതിപ്പെട്ടിരുന്നു.  അയിത്താചരണം നിലനിന്നിരുന്ന ആ സമയത്ത് താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് പൊതു കിണറുകളില്‍ നിന്നും വെള്ളം എടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഗാന്ധിജി പരാതിക്കാരോടൊപ്പം സ്ഥലം സന്ദര്‍ശിക്കുകയും അവിടെ കിണര്‍ കുഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് 1934 ലാണ്  ഈ കിണര്‍ കുഴിച്ചത്. ജില്ലാ പഞ്ചായത്ത് കിണര്‍ നവീകരണത്തിന് അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.