ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കുയാണ് ലക്ഷ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

post

പാലക്കാട് :  ജില്ലയിലെ ഓരോ കര്‍ഷകര്‍ക്കും വെള്ളം എത്തിക്കുകയാണ് ലക്ഷ്യമെന്നും അഞ്ചുകോടി ചെലവില്‍ ജില്ലയുടെ  കിഴക്കന്‍ മേഖലയിലെ മൂവായിരം ഹെക്ടര്‍ സ്ഥലത്തേക്ക് ജലസേചനം നടത്താനാവുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ടതായും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വടകരപ്പതി പഞ്ചായത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പണ്ട് ഉപയോഗിച്ചിരുന്നതും പിന്നീട് വിസ്മൃതിയിലേക്ക് പോയതുമായ കല്യാണ കൃഷ്ണ അയ്യര്‍ ജലസേചന പദ്ധതി ഉള്‍പ്പെടെ പതിനൊന്നോളം ഡാമുകള്‍  കണ്ടെത്തി പുനരുജ്ജീവിപ്പിക്കാന്‍ നടപടികളായതോടെയാണ്  മേഖലയിലേയ്ക്ക് ജലസേചനം  സാധ്യമായത്.  ഇത്രയും ജലസേചനം  ലക്ഷ്യമിടുന്ന അട്ടപ്പാടി വാലി പദ്ധതിക്ക് 600 കോടി രൂപയാണ് ചിലവെന്നിരിക്കെ ഈ സാധ്യത ചെറിയ നേട്ടമല്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര - സംസ്ഥാന  സര്‍ക്കാരുകള്‍ കുറഞ്ഞ ഗുണഭോക്തൃ വിഹിതം  ഉള്‍പ്പെടുത്തി 2024 ഓടെ എല്ലാ കുടുംബങ്ങളിലേക്കും ശുദ്ധജലം എത്തിക്കുന്നതാണ് ജലജീവന്‍ മിഷന്‍ പദ്ധതി. വടകരപ്പതി പഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ 1200 കുടിവെള്ള കണക്ഷനുകളാണ് നല്‍കുന്നത്.

വടകരപ്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുളന്തൈ തെരേസ, ജില്ലാ പഞ്ചായത്ത് അംഗം കെ. ചിന്നസ്വാമി, ജലവിഭവ വകുപ്പ് അംഗം അഡ്വ. മുരുകദാസ്, ഫാ. ആല്‍ബര്‍ട്ട് ആനന്ദ രാജ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആര്‍. ജയചന്ദ്രന്‍, എക്സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ തോമസ് ജോണ്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.