ചീങ്ങേരി റോക്ക് സാഹസിക ടൂറിസം നാടിന് സമര്‍പ്പിച്ചു

post

വയനാട് : വിനോദ സഞ്ചാര മേഖലയില്‍ കോവിഡ് കാലം ഏല്‍പ്പിച്ച ആഘാതങ്ങള്‍ മറികടന്ന് താമസിയാതെ കേരളം സഞ്ചാരികളുടെ പറുദീസയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അമ്പലവയല്‍ ചീങ്ങേരി റോക്ക് സാഹസിക ടൂറിസ കേന്ദ്രം ഉള്‍പ്പെടെയുളള വിവിധ ടൂറിസം കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയില്‍ വലിയ തോതിലുള്ള സാമ്പത്തിക നഷ്ടവും തൊഴില്‍ നഷ്ടവുമാണ് ടൂറിസം മേഖലയില്‍ സംഭവിച്ചത്. നിലവിലെ സാഹചര്യത്തില്‍ നിരാശപ്പെടേണ്ടതില്ല. കുതിപ്പുകള്‍ക്ക് മുന്‍പുള്ള സമയമായി വേണം ഇതിനെ സ്വീകരിക്കാന്‍. ടൂറിസം മേഖലയുടെ അതിജീവനത്തിനായാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലായി 26 ടൂറിസം പദ്ധതികള്‍ കൂടി നാടിന്റെ ഭാഗമാകുകയാണ്. വായു, ജലം, മണ്ണ്, ജീവജാലങ്ങള്‍ തുടങ്ങിയ പൊതു സ്വത്തുക്കള്‍ക്ക് പോറലേല്‍ക്കാതെയാണ് ഓരോ ടൂറിസം കേന്ദ്രവും ഒരുക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സാഹസിക വിനോദത്തിന് ഏറെ സാധ്യതയുള്ള ജില്ലയുടെ ടൂറിസം മേഖലയുടെ വികസനത്തിന് ചീങ്ങേരി റോക്ക് ടൂറിസം സുപ്രധാന പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുംവിധത്തിലാണ് സാഹസിക ടൂറിസം കേന്ദ്രം ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ടൂറിസം  സഹകരണം  ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീതാ രാജു, എ.പി. കുര്യാക്കോസ്, എം.യു. ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ജി. പ്രകാശന്‍, കെ. ഷമീര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍, ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ്, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.എസ്. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ചീങ്ങേരിയില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു.

അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ചീങ്ങേരിമലയില്‍ സാഹസിക ടൂറിസം പദ്ധതിക്കായി 1.04 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ടിക്കറ്റ് കൗണ്ടര്‍  ക്ലോക്ക് റൂം  ഓഫീസ് റൂം എന്നിവ ഉള്‍ക്കൊള്ളുന്ന എന്‍ട്രന്‍സ് പ്ലാസ, ടോയിലറ്റ് ആന്റ് പാന്‍ട്രി ബ്ലോക്ക്, പര്‍ഗോള, മള്‍ട്ടിപര്‍പ്പസ് ബ്ലോക്ക് എന്നീ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയാണ് ടൂറിസം കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സഞ്ചാരികളുടെ ശാരീരിക ക്ഷമത അനുസരിച്ച് വിവിധ തലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന ഗൈഡഡ് ട്രക്കിംഗ് ആണ് ടൂറിസം കേന്ദ്രത്തിന്റെ പ്രധാന ആകര്‍ഷണം.