കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു; ശിലാസ്ഥാപനം നിർവഹിച്ചു

post

വയനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളെയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെയുള്ള മികച്ച വിദ്യാലയങ്ങളാക്കി മാറ്റാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. ഒരു കോടി രൂപ ചെലവിലാണ് കരിങ്ങാരി യു.പി സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നത്. 272.16 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ടുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ സ്റ്റാഫ് റൂമും ടോയിലറ്റ് സൗകര്യങ്ങളും മുകളിലെ നിലയിൽ രണ്ട്‌ ക്ലാസ് മുറികളും റാമ്പും സ്റ്റെയർ കേസുമുണ്ടാവും.


വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.എം അനിൽ കുമാർ, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പി.കെ അമീൻ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, സീനിയർ അസിസ്റ്റന്റ് ബാലൻ പുത്തൂർ, സ്റ്റാഫ് സെക്രട്ടറി കെ. മമ്മൂട്ടി, പ്രധാനാധ്യാപകൻ എം. എ ജോൺസൺ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ, പി.ടി.എ വൈസ് പ്രസിഡന്റ്‌ പി. മഹേഷ്‌, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.